തിരുവനന്തപുരം: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നൽകി. രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയർമാൻകൂടിയായ പ്രേംകുമാറിന് ചെയർമാന്റെ താത്ക്കാലിക ചുമതല നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതോടെയാണ് രഞ്ജിത്ത് രാജിവെച്ചത്.
രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂ.സി.സിയും രംഗത്തെത്തി. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്നം പരിഹാരിച്ചത്.
ഇതാദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് ഇനി പ്രേംകുമാറിന് മുന്നിലുള്ളത്.
2022-ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത്. 100-ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള പ്രേംകുമാർ 18 ചിത്രങ്ങളിൽ നായകനായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ സി.ഐ.ഡി രാമചന്ദ്രൻ റിട്ട.എസ്.ഐ ആണ് അഭിനയിച്ചതിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.