സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രതതലവന്മാരുമായുള്ള ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്. ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും.
2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
യാത്രയ്ക്ക് കേന്ദ്രസർക്കാർ എതിർപ്പായിരുന്നെങ്കിലും ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിലപാടാണ് നിർണായകമായത്. സനയിൽ വിമതരുടെ ഭരണമാണെന്നും, സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രനിലപാട്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അമ്മ കേന്ദ്രത്തിന് കൈമാറണമെന്നും, സ്വന്തം ഉത്തരവാദിത്വത്തിലാണ് യെമനിലേക്ക് പോകുന്നതെന്ന് സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.