KeralaNews

മോദിയെ പുകഴ്ത്തി പ്രേമചന്ദ്രൻ;ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടക്കുമെന്നതില്‍ സംശയമില്ല

കൊല്ലം: പ്രധാമനന്ത്രിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രൻ്റെ അഭിപ്രായ പ്രകടനം. കുണ്ടറ പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്‍ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.

പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നു എന്നതിനാല്‍ അതിന് അതിന്റെ പ്രാധാന്യമുണ്ടെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോൾ സദസ്സിൽ നിന്ന് ജെയ് ജെയ് ബിജെപി എന്ന മുദ്രാവാക്യവും ഉയർന്നു.

‘നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ പട്ടികയിലേയ്ക്ക് ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ഒരുകാര്യം ഉറപ്പുണ്ട്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വ്വഹണം, പൂര്‍ത്തീകരണം എന്നിവ എല്ലാമാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി അത് റിവ്യൂ ചെയ്യുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും ഈ പദ്ധതി നടക്കുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ല’, എന്നായിരുന്നു പ്രേമചന്ദ്രൻ പറഞ്ഞത്.

ഇപ്പോള്‍ ഇത് ഉദ്ഘാടനം ചെയ്യേണ്ടതുണ്ടോയെന്ന് പ്രാരംഭഘട്ടത്തില്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചുവെന്നും എം കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. ‘പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ക്ക് ഓരോ മാസവും കൃത്യമായി റിവ്യൂ നടക്കും, നിരീക്ഷണം നടക്കും.

സാങ്കേതിക തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് നേരിട്ട് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കും. അതിനാല്‍ അദ്ദേഹം ഇത് ഉദ്ഘാടനം ചെയ്യുന്നത് നമ്മളെ സംബന്ധിച്ച് വളരെ അനുഗ്രഹീതമാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ അഭിപ്രായമെ’ന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൻ്റെ പേരിൽ എൻ കെ പ്രേമചന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. പ്രധാനമന്ത്രി ക്ഷണിച്ചത് ഉച്ചഭക്ഷണത്തിനാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും വിരുന്നിനിടെ പരോക്ഷമായി പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും പ്രേമചന്ദ്രൻ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കം നടത്തുന്നുവെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചിരുന്നു.

എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഐഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്ക ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതും വാർത്തയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button