KeralaNews

നഗ്‌നവീഡിയോ പ്രചരിപ്പിക്കും, ഹണിട്രാപ്പില്‍ കുടുക്കും; ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായി യുവതി

കൊച്ചി: ബലാത്സംഗത്തിനിരയായ യുവതിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചതായി പരാതി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും മോന്‍സന്‍ ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി.

മോന്‍സന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു ഭീഷണി. നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.

പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നുവെന്നും യുവതി പറഞ്ഞു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തേവര പൊലീസില്‍ നല്‍കിയ അന്വേഷണം പാതിവഴിയില്‍ നിലച്ചു. പോലീസിലെ നടപടികള്‍ മോന്‍സന്‍ അപ്പോഴപ്പോള്‍ അറിഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.

അതിനിടെ മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും മോന്‍സന്‍ വന്‍ തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ കേസിലും ഇയാളെ അറസ്റ്റ് ചെയ്തു. കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് അറസ്റ്റ്. വയനാട്ടില്‍ മധ്യപ്രദേശ് സര്‍ക്കാരിന് 500 ഏക്കര്‍ കാപ്പിത്തോട്ടം ഉണ്ട്. ഒരു മധ്യപ്രദേശ് വനിതയുടേതായിരുന്ന ഈ സ്ഥലം അവര്‍ മരണപ്പെട്ടപ്പോള്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ വന്നു ചേര്‍ന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവില്‍ നിന്ന് മോന്‍സന്‍ 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും മോന്‍സനെതിരെ പരാതിയുമായി എത്തി. 6.27 കോടി രൂപയുടെ തട്ടിപ്പിനിരയായി എന്നാണ് ഇവരുടെ പരാതി. ബാങ്കില്‍ പണം എത്തിയതിന്റെ രേഖകള്‍ കാണിച്ചാണ് തുക തട്ടിച്ചത്. യുഎഇ രാജ കുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ എത്തിയ പണമാണെന്നാണ് വിശ്വസിപ്പിച്ചത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button