കോട്ടയം: കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിനെതിരെ പാർട്ടി മുഖപത്രം ‘പ്രതിച്ഛായ’യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ വിഷ വീക്ഷണം എന്ന് വിളിച്ചാണ് മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറിയെന്ന് ലേഖനത്തിൽ കുറിച്ചിരിക്കുന്നു.
വീക്ഷണത്തിലെ ആ മുഖപ്രസംഗം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണ്. ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ല. കേരള കോൺഗ്രസ് എം പോയതോടെ യുഡിഎഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. എൽഡിഎഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നു എന്നും മുഖപ്രസംഗം പറയുന്നു.
ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നുമായിരുന്നു വീക്ഷണം മുഖപ്രസംഗം. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺഗ്രസ് എം എന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു.
ജോസ് കെ മാണിയെ വിമർശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തി കാരണമാണ്. യുഡിഎഫിനോട് കാണിച്ചത് കൊടുംചതിയാണ്. ജോസിന് രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും ലേഖനം പറയുന്നു.
ജോസിന് എൽഡിഎഫ് കൊടുത്ത രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറ. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോൺഗ്രസിനില്ല. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് മുന്നണി മര്യാദയാണ്. ജോസ് കെ മാണി കൗശലമില്ലാത്ത നേതാവാണ്. ജോസിനെ ലാളിച്ച സിപിഐഎം ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.