പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ പദ്ധതി. ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തപാല്‍ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്ന് പുതിയ പദ്ധതി തയാറാക്കി.
പണം അടച്ചാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ കിട്ടുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞള്‍, കുങ്കുമ പ്രസാദം എന്നിവയാണ് പായ്ക്കറ്റില്‍ ഉണ്ടാകുക. ഇവയുടെ വില നിശ്ചയിച്ചിട്ടില്ല.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയൊരു ശതമാനം തീര്‍ഥാടകര്‍ക്കും ദര്‍ശനത്തിന് എത്താന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. അതിനാലാണ് ഭക്തര്‍ക്ക് തപാലില്‍ പ്രസാദം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുന്നത്.