കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വിഡിയോ വൈറല്‍

കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍. നടുക്കടലില്‍ പെട്ടുപോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന.

രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നടുക്കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് കാത്തുനിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിക്കുന്നു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയും കാണാം. മോഹന്‍ലാലിന്റെ ചെന്നൈയില്‍ വീടിന്റെ മട്ടുപ്പാവില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ പ്രണവ് കാണിച്ച ധൈര്യത്തെ ആരാധകര്‍ അഭിനന്ദിച്ചു. പലരും ‘ചാര്‍ളി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മൃഗങ്ങളോടുള്ള സ്‌നേഹവായ്പിനെ അടയാളപ്പെടുത്തിയത്. ഇതാണ് യഥാര്‍ഥ ഹീറോയിസമെന്നും ചിലര്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News