അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തി;പ്രജ്ജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ഹാസന്‍ മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീലവീഡിയോ കേസില്‍ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. അശ്ലീല വീഡിയോക്ലിപ്പുകള്‍ ചോര്‍ത്തിയതിനാണ് അറസ്റ്റ്.

ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹാസന്‍കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസന്‍-മൈസൂരു ജില്ലാ അതിര്‍ത്തിയില്‍നിന്ന് അറസ്റ്റ് ചെയ്ത കാര്‍ത്തിക് ഗൗഡയെ ബെംഗളൂരു സി.ഐ.ഡി. ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു.

പ്രജ്ജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വര്‍ഷം ജോലിചെയ്ത കാര്‍ത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞു. ഹൊളെ നരസിപുരയില്‍ കാര്‍ത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തര്‍ക്കമാണ് കാരണം. ഭൂമി കൈമാറാനായി പ്രജ്ജ്വലും അമ്മ ഭവാനി രേവണ്ണയും സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ കാര്‍ത്തിക് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രജ്ജ്വലിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താനാണ് വീഡിയോ ക്ലിപ്പുകള്‍ പെന്‍ഡ്രൈവിലേക്ക് ചോര്‍ത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. പെന്‍ഡ്രൈവ് കാര്‍ത്തിക് ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡക്ക് കൈമാറിയതായി പറയുന്നു. തുടര്‍ന്നാണ് വീഡിയോകള്‍ ഹാസനിലും പുറത്തും പ്രചരിച്ചത്. വീഡിയോകള്‍ പ്രചരിപ്പിച്ചതിന് കാര്‍ത്തിക്കിന്റെയും മറ്റ് നാലാളുകളുടെയും പേരില്‍ പോലീസ് ഏപ്രിലില്‍ കേസെടുത്തിരുന്നു. ഇതില്‍ നവീന്‍ ഗൗഡ, ചേതന്‍ ഗൗഡ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തു.

മുന്‍ ഹൊളെനരസിപുര നഗരസഭാധ്യക്ഷന്‍ പുട്ടരാജു, കോണ്‍ഗ്രസിന്റെ മുന്‍ ഹാസന്‍ എം.എല്‍.എ. പ്രീതം ഗൗഡയുടെ അനുയായി ശരത് എന്നിവരെ പിടികൂടാനുണ്ട്.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്ജ്വല്‍ രേവണ്ണയെ എസ്.ഐ.ടി. ഞായറാഴ്ചയും ചോദ്യം ചെയ്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്.ഐ.ടി. കസ്റ്റഡി കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News