ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ മുന്‍ ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ നിര്‍ണായകമായത് പോലീസിന്റെ അന്വേഷണമികവ്. മുഖം വ്യക്തമാകാത്ത വീഡിയോകള്‍ തെളിവുകളായി ഉണ്ടായിരുന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ വിദഗ്ധമായ അന്വേഷണമാണ് പ്രജ്ജ്വലിനെതിരേ കോടതിയില്‍ വഴിത്തിരിവായത്.
പ്രജ്ജ്വലിനെതിരായ നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയത്. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസില്‍ വെള്ളിയാഴ്ച വിധി പറഞ്ഞത്. കേസിലെ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാകും.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയിലാണ് ആദ്യത്തെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടു തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു. പ്രജ്ജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
അടിവസ്ത്രത്തില്‍ ബീജം, ശാസ്ത്രീയപരിശോധന
പ്രജ്ജ്വലിനെതിരായ പീഡനക്കേസില്‍ ആഗോളതലത്തില്‍ സ്വീകരിച്ചിരുന്ന അന്വേഷണരീതിയാണ് എസ്‌ഐടിയും അവലംബിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വീഡിയോ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും ഡിഎന്‍എ പരിശോധനയും കേസില്‍ നിര്‍ണായകമായി.
ഹാസനിലെ ഫാംഹൗസില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പ്രജ്ജ്വലിനെതിരേ വീട്ടുജോലിക്കാരി നല്‍കിയ മൊഴി. എസ്‌ഐടി നടത്തിയ പരിശോധനയില്‍ ഫാം ഹൗസിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് വീട്ടുജോലിക്കാരിയുടെ അടിവസ്ത്രം കണ്ടെടുത്തിരുന്നു. പീഡനം നടന്ന ദിവസം ജോലിക്കാരി ധരിച്ചിരുന്ന അടിവസ്ത്രമാണ് ക്വാര്‍ട്ടേഴ്‌സിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നനിലയില്‍ കണ്ടെടുത്തത്. സംഭവം നടന്ന് മൂന്നു വര്‍ഷമായിട്ടും ഈ വസ്ത്രം ആരും തൊടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയപരിശോധനയില്‍ അടിവസ്ത്രത്തില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശാസ്ത്രീയപരിശോധനയില്‍ ഇത് പ്രജ്ജ്വല്‍ രേവണ്ണയുടേതാണെന്ന് ഉറപ്പിച്ചു. ഇതിനുപുറമേ അടിവസ്ത്രത്തില്‍നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരാതിക്കാരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലും വ്യക്തമായി. ഇതാണ് കേസില്‍ നിര്‍ണായകമായത്.
വീഡിയോ തെളിയിക്കാന്‍ ‘തുര്‍ക്കി വിദ്യ’
പുറത്തുവന്ന വീഡിയോകളായിരുന്നു പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ പീഡനക്കേസിലെ മറ്റൊരു തെളിവ്. മിക്ക വീഡിയോകളും വലതുകൈയില്‍ ഫോണ്‍ പിടിച്ച് പ്രജ്ജ്വല്‍ തന്നെ പകര്‍ത്തിയതായിരുന്നു. എന്നാല്‍, ഈ വീഡിയോകളിലൊന്നും പ്രജ്ജ്വലിന്റെ മുഖം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വീഡിയോകളിലുള്ളത് പ്രജ്ജ്വല്‍ രേവണ്ണയാണെന്ന് തെളിയിക്കുകയെന്നതും വെല്ലുവിളിയായിരുന്നു. എന്നാല്‍, ജപ്പാനിലും തുര്‍ക്കിയിലും പോലീസ് സംഘങ്ങള്‍ നടത്തിയ അതേ മാതൃകയില്‍ കര്‍ണാടകയിലെ എസ്‌ഐടിയും അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ തെളിവുകളും കോടതിയില്‍ തെളിയിക്കാനായി.
വീഡിയോയില്‍ ലഭ്യമായ പ്രതിയുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ ശേഖരിച്ചശേഷം പ്രതിയുടെ ശരീരഭാഗങ്ങളുടെ നിലവിലെ ചിത്രങ്ങള്‍ പകര്‍ത്തി ഒത്തുനോക്കുന്നതായിരുന്നു ഈ അന്വേഷണരീതി. ഈ ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. തുര്‍ക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒരാള്‍ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചെന്ന കേസിലും സമാനരീതിയിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഇതേരീതിയാണ് പ്രജ്ജ്വലിന്റെ കേസിലും അന്വേഷണസംഘം അവലംബിച്ചത്.
പീഡനദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ ശരീരഭാഗങ്ങള്‍ കാണുന്ന ഭാഗങ്ങളെല്ലാം അന്വേഷണസംഘം ആദ്യം ശേഖരിച്ചിരുന്നു. തുടര്‍ന്ന് ജനനേന്ദ്രിയം, കൈപ്പത്തികള്‍, വിരലുകള്‍, കാല്‍പാദം എന്നിവയടക്കം പ്രതിയുടെ ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി. എല്ലുകളുടെ ഘടനയും ആകൃതിയും കാല്‍വിരലുകളുടെ വളവുകളും വരെ സൂക്ഷ്മമായി പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇവയെല്ലാം ഒത്തുനോക്കി. ഈ പരിശോധനയിലാണ് പ്രതിയുടെ ഇടതുകൈയിലെ നടുവിരലിലെ മറുകും ഇടതുകൈയിലെ ഒരുപാടും വീഡിയോയിലെ രംഗങ്ങളിലേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്. ഫൊറന്‍സിക്, ഡെര്‍മറ്റോളജി, യൂറോളജി, ഓര്‍ത്തോപീഡിക്‌സ് വിദഗ്ധരടക്കം ഉള്‍പ്പെട്ട വിദഗ്ധസംഘം നടത്തിയ ശാസ്ത്രീയപരിശോധനയിലും ഇത് സ്ഥികീകരിച്ചു.
വീഡിയോയില്‍നിന്ന് ശേഖരിച്ച ശബ്ദസാമ്പിളുകളും കേസില്‍ നിര്‍ണായകമായി. പരാതിക്കാരി വേദനയോടെ കരയുന്നതിന്റെ ശബ്ദസാമ്പിളുകളും പ്രതി വീഡിയോയില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നതിന്റെ സാമ്പിളുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്ത് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു.
ദൃശ്യങ്ങള്‍ പ്രചരിച്ചത് തിരഞ്ഞെടുപ്പ് കാലത്ത്…
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രജ്ജ്വല്‍ രേവണ്ണയുടെ പീഡനദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്ജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി പ്രജ്ജ്വല്‍ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞ വര്‍ഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ അച്ഛനും എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പോലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.


