ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ. കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകായസ്തയും എച്ച്.ആര്‍. തലവന്‍ അമിത് ചക്രവര്‍ത്തിയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചൈനാ അനുകൂല പ്രചാരണത്തിന് വിദേശ സഹായം കൈപ്പറ്റിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ഇരുവരെയും അറസ്റ്റുചെയ്തിരുന്നു.
അഭിഭാഷകനായ കപില്‍ സിബലാണ് ഇരുവര്‍ക്കുമായി കോടതിയില്‍ ഹാജരാകുന്നത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ചിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് നിയമവിരുദ്ധവും സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനവുമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് സഞ്ജീവ് നരുല ഉള്‍പ്പെടെയുള്ള ബെഞ്ച് അംഗീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറോടെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും നിരവധി മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ന്യൂസ്‌ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെച്ചു. കംപ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ പ്രബിര്‍ പുരകായസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.