EntertainmentNationalNews

ആദിപുരുഷ്: മോശം റിവ്യൂ പറഞ്ഞ യുവാവിനും ഹനുമാനായി ഒഴിച്ചിട്ട സീറ്റിലിരുന്നയാൾക്കും ആരാധകരുടെ മർദനം

പ്രഭാസ് ചിത്രം ‘ആദിപുരുഷി‘നെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകന് മർദനം. കർണാടകയിലെ ഒരു തിയേറ്ററിന് മുന്നിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. സിനിമയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് യുവാവിനെ പ്രഭാസ് ആരാധകർ കൂട്ടംചേർന്ന് ആക്രമിച്ചത്.

തിയേറ്ററിൽ ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് മറ്റൊരു യുവാവിനെ മർദിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലാണ് സംഭവം. ഫാൻസ് ഷോയ്ക്കിടെയാണ് സംഭവം.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ആദിപുരുഷ്’. വമ്പൻ വരവേൽപ്പാണ് രാമായണം പ്രമേയമായ ചിത്രത്തിന് ലഭിച്ചത്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. സിനിമ കാണാൻ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.

സീറ്റ് ഒഴിച്ചിട്ടതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു തിയേറ്ററിൽ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള തുണി സീറ്റിൽ വിരിച്ചിരിക്കുന്നത് വീഡിയോയിലുണ്ട്. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന ക്യാപ്ഷനോടെയാണ് ആളുകൾ വീഡിയോ പങ്കുവെക്കുന്നത്. മറ്റൊരു തിയേറ്ററിൽ ഹനുമാന്റെ വി​ഗ്രഹം സീറ്റിൽ വെച്ചിട്ടുണ്ട്.

ഓം റൗട്ട് ആണ് സംവിധാനം ചെയ്ത ചിത്രത്തിന് പലയിടത്തും നാല് മണിക്കുതന്നെ ഫാൻസ് ഷോകളുണ്ടായിരുന്നു. ഫാൻസ് ഷോയ്ക്കായി ആരാധകർ രണ്ടുമണിക്ക് തന്നെ എത്തിച്ചേർന്നു. കൊടികളും ധോലും ഒക്കെയായാണ് ഇവരെത്തിയത്.

പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button