ഇന്ത്യൻമഹാസമുദ്രത്തിന് കുറുകേ റെയിൽപാളം നിർമിക്കുമെന്ന് ബൈഡൻ; പരിഹാസവുമായി സോഷ്യൽ മീഡിയ

വാഷിങ്ടണ്‍: രണ്ടിടങ്ങളെ ബന്ധിപ്പിച്ച് റെയില്‍വേ ട്രാക്ക് നിര്‍മിക്കുമെന്ന് ഒരു പരിപാടിയില്‍ പറഞ്ഞതേ ഓര്‍മയുള്ളൂ, ട്രോള്‍ മഴയില്‍ നനഞ്ഞുകുതിരുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പസഫിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന് കുറുകേ റെയില്‍വേ ട്രാക്ക് നിര്‍മിക്കാന്‍ തന്റെ ഭരണകൂടം ഉദ്ദേശിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. ഇതാണ് പരിഹാസങ്ങൾക്ക് വഴിവെച്ചത്.

ലീഗ് ഓഫ് കണ്‍സര്‍വേഷന്‍ വോട്ടേഴ്‌സിന്റെ ആനുവല്‍ കാപിറ്റല്‍ ഡിന്നര്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബൈഡന്‍റെ നാക്കുപിഴ. ബൈഡന്റെ റെയില്‍വേ ട്രാക്ക് നിര്‍മാണ പദ്ധതിയെ കുറിച്ചുള്ള വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ട്രോളുകള്‍ക്ക് വഴിവെക്കുകയുമായിരുന്നു.

‘നിര്‍ഭയമായ ചുവടുവെപ്പ്’ എന്നാണ് പലരും ബൈഡന്‍റെ റെയില്‍വേ ട്രാക്ക് പദ്ധതിയെ പരിഹാസത്തില്‍ പൊതിഞ്ഞ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബൈഡനെ പരിഹസിച്ച് രംഗത്തെത്തി. ആരാണ് ആ ട്രെയിന്‍ ഓടിക്കുക, സ്‌പോഞ്ച് ബോബോ എന്നായിരുന്നു കണ്‍സര്‍വേറ്റീവ് കോളമിസ്റ്റായ ഇയാന്‍ ഹാവോര്‍ത്തിന്റെ ചോദ്യം.

ഇതാദ്യമായല്ല, ബൈഡന്‍ നാക്കുപിഴയില്‍ കുടുങ്ങുന്നത്. കുറച്ചുമാസം മുന്‍പ്, കനേഡിയന്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ചൈനയെ അദ്ദേഹം അബദ്ധത്തിൽ പുകഴ്ത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞതിന് പിന്നാലെ തിരുത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News