തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ രീതിയിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്.
കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കല്‍ക്കരിക്ഷമം മൂലം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കി സഹായിക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
അതേ സമയം സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വൻ നാശം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു.
മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കി കെഎസ്ഇബി.