ചാർജിലിട്ടിരുന്ന പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു

മലപ്പുറം:തിരൂരിൽ ചാർജിലിട്ടിരുന്ന പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂരിൽ മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. സിദ്ദിക്കും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്.

വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉൾപ്പടെയെല്ലാം കത്തി ചാമ്പലായി. വൈകീട്ട് ആറുമണിയോടെ കുടുംബത്തോടൊപ്പം പോയസിദ്ദിക്ക്, രാത്രി മടങ്ങുമ്പോൾ വീടിന് തീപിടിച്ച വിവരം നാട്ടുകാർ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.

ഒരു കിടപ്പുമുറിയും ശൗചാലയവും അടുക്കളയും സിറ്റൗട്ടും മാത്രമുള്ള, കല്ലുപയോഗിച്ച് ചുമർ നിർമ്മിച്ച് ഓലമേഞ്ഞതായിരുന്നു വീട്. തിരൂർ അഗ്നിരക്ഷാ നിലയത്തിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News