തിരുവനന്തപുരം:പോത്തന്‍കോട് ചുമട്ടുതൊഴിലാളികള്‍ കെട്ടിട നിര്‍മാണ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ തൊഴിലാളി കാര്‍ഡുള്ള എട്ട് പേര്‍ക്ക് പങ്കെന്ന് തൊഴില്‍വകുപ്പ് റിപ്പോർട്ട്. ഇവരുടെ തൊഴിലാളി കാര്‍ഡ് സസ്പെന്‍റ് ചെയ്യാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോത്തന്‍കോട് വീട് നിര്‍മാണം നടത്തിക്കൊണ്ടിരിക്കെ ചുമട്ടുതൊഴിലാളികള്‍ സംഘടിതമായെത്തി പണി തടസപ്പെടുത്താന്‍ ശ്രമിച്ചത്. കരാറുകാരന്‍ മണികണ്ഠന് മര്‍ദനമേല്‍ക്കുകയും ചെയ്തു. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടെത്തി മര്‍ദിക്കുകയായിരുന്നു എന്ന് മണികണ്ഠന്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതേത്തുടര്‍ന്നു സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട അഞ്ച് തൊഴിലാളികളെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം തൊഴില്‍ വകുപ്പും വിഷയത്തില്‍ ഇടപെട്ടു. തൊഴിലാളി കാര്‍ഡുള്ള എട്ടുപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് അസിസ്റ്റന്‍്റ് ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ ലേബര്‍ കാര്‍ഡ് സസ്പെന്‍റ് ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. നോക്കുകൂലി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല.അത് നേരത്തെ അവർ വ്യക്തമാക്കിയതാണ്.അത്തരം പ്രശ്നങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ കൊല്ലം ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു സി പി എം ജില്ലാ നേതൃത്വം. ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും നടപടിയുണ്ടായതും.
ബിജുവിന്റെ നടപടി പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വാർത്താ കുറിപ്പിൽ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്ത നടപടിയാണിതെന്നും സിപിഎം പറയുന്നു.
പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ നൽകിയില്ലെങ്കിൽ പത്തു കോടി ചെലവിട്ട് നിർമിച്ച കൺവെൻഷൻ സെന്ററിനു മുന്നിൽ പാർട്ടി കൊടികുത്തുമെന്നാണ് ബിജു ശ്രീനിത്യം പ്രവാസി വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സി പി എം നേതാവിന്റെ ഭീഷണിക്കു പിന്നാലെ വില്ലേജ് ഓഫിസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി. ബിജു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നായിരുന്നു ബിജുവിന്റെ വിശദീകരണം.പാർട്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നും ഏരിയാ നേതൃത്വവും വിശദീകരിച്ചു.തുടർന്ന് ജില്ലാ നേതൃത്വവും ബിജുവിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.