അടൂർ: വീണാ ജോർജിനെതിരേ പോസ്റ്റർ ഒട്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് കെ.എസ്.യു. നേതാവിന്റെ വീട്ടിൽനിന്ന് കാർ കസ്റ്റഡിയിൽ എടുക്കാൻ വന്ന പോലീസിനെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
പത്തനംതിട്ട എസ്.ഐ. അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പന്നിവിഴ കാഞ്ഞിരവിളയിൽ ഏബൽ ബാബുവിന്റെ വീട്ടിൽ കാർ കസ്റ്റഡിയിൽ എടുക്കാൻ എത്തിയത്. ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം. ഏബലിന്റെ കാറിലാണ് പത്തനംതിട്ട ഭാഗത്ത് പോസ്റ്റർ ഒട്ടിക്കാൻ എത്തിയതെന്ന സംശയമുണ്ടെന്ന് പോലീസ് പറയുന്നു.
പോലീസ് ഏബലിന്റെ വീട്ടിൽ എത്തിയ വിവരമറിഞ്ഞ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. കാർ ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാക്കാം എന്നറിയിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ലെന്നാരോപിച്ചാണ് പോലീസിനെ തടഞ്ഞത്.
രാത്രി 11-ന് പന്തളം സി.ഐ. ശ്രീകുമാർ സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും കാർ കൊണ്ടുപോകാൻ പ്രവർത്തകർ സമ്മതിച്ചില്ല. രാത്രി 11.30-ഓടുകൂടി കൂടുതൽ പോലീസ് സ്ഥലത്തെത്തി. എന്നാൽ, കാർ കസ്റ്റഡിയിൽ എടുത്തശേഷം ഉടമയ്ക്ക് നോട്ടീസ് നൽകി സ്റ്റേഷനിൽ വരാനാണ് ആവശ്യപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കാർ പോസ്റ്റർ ഒട്ടിച്ച ദിവസം എവിടെയെല്ലാം പോയി എന്നതടക്കമുള്ള കാര്യങ്ങൾ ചോദിക്കാനായിരുന്നു തീരുമാനമെന്നും പോലീസ് വ്യക്തമാക്കി. പത്തനംതിട്ട ഡിവൈ.എസ്.പി. എസ്.നന്ദകുമാർ, അടൂർ ഡിവൈ.എസ്.പി. ആർ.ജയരാജ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തി.