‘കാണ്‍മാനില്ല’ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ വിളിച്ച നഗര വികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഗൗതം ഗംഭീര്‍ വിട്ടു നിന്നിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഈ മാസം പതിനഞ്ചിനായിരുന്നു യോഗം വിളിച്ചത്. ഉന്നതതല യോഗത്തിന്റെ സമയത്ത് ഗംഭീര്‍ കൂട്ടുകാര്‍ക്കൊത്ത് ജിലേബി കഴിച്ച് തമാശ പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങള്‍ വായുമലിനീകരണത്തില്‍ പൊറുതിമുട്ടുമ്പോള്‍ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി നേതാക്കള്‍ ആരോപിച്ചത്. എംപിയുടെ നിരുത്തരവാദത്തിന്റെ ഉദാഹരണമാണിതെന്നും ആംആദ്മി കുറ്റപ്പെടുത്തിയിരുന്നു.
കൂട്ടുകാര്‍ക്കൊപ്പമുള്ള ഗൗതം ഗംഭീറിന്റെ ചിത്രം മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണാണ് പുറത്തുവിട്ടത്. ‘ഷെയിം ഓണ്‍ യു ഗൗതം’ എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധവും നടക്കുന്നുണ്ട്.