പത്തനംതിട്ട: പത്തനംതിട്ട ഡി.സി.സി. ഓഫീസില്‍ കരിങ്കൊടി. പി.ജെ. കുര്യനും ആന്റോ ആന്റണി എം.പിക്കും പുതിയ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്റോ ആന്റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. സതീഷ് കൊച്ചുപറമ്പില്‍ പി.ജെ കുര്യന്റെ നോമിനിയാണെന്നും പോസ്റ്ററില്‍ പറയുന്നു.
അതേസമയം ഡി.സി.സി. അധ്യക്ഷ പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇരിക്കുകയാണ് മുന്‍ എം.എല്‍.എ. കെ ശിവദാസന്‍ നായര്‍. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് ശിവദാസന്‍ നായരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യമായി കടുത്ത അതൃപ്തി പ്രകടിപ്പിച്ചരിക്കുന്നത്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലയിടത്ത് നിന്നും എതിര്‍പ്പുകളും വെളിപ്പെടുത്തലുകളും ഉയര്‍ന്ന് വരുകയാണ്. ആലപ്പുഴ ഡി.സി.സി. പ്രസിഡന്റായ ബി. ബാബു പ്രസാദ് അത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ആലപ്പുഴ ഡി.സി.സി. സ്ഥാനത്തേക്ക് തന്നെ നിര്‍ദേശിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ബി. ബാബു പ്രസാദ് പറഞ്ഞു. ആലപ്പുഴ ഡി.സി.സി. അധ്യക്ഷന്‍ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചത് കെ.സി. വേണുഗോപാല്‍ എതിര്‍ത്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ബി. ബാബു പ്രസാദ് വ്യക്തമാക്കി. രമേശ് ചെന്നിത്തല പിന്തുണച്ചതിനാലാണ് തന്റെ സ്ഥാന ലബ്ദിയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഡി.സി.സി. അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് നേരെ അച്ചടക്ക നടപടി ആരംഭിച്ചു. കോണ്‍ഗ്രസ് ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെയുമാണ് പാര്‍ട്ടിയില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.