ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതലയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദ്-ബാപ്പുനഗര്‍, അസാര്‍വ മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന അഭിഷേക് സിങ് എന്ന ഉദ്യോഗസ്ഥനെതിരേയാണ് കമ്മിഷന്‍ നടപടി എടുത്തതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
നിരീക്ഷകനായുള്ള നിയമനത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനും ഔദ്യോഗികസ്ഥാനം ശ്രദ്ധ ആകര്‍ഷിക്കലിനായി ഉപയോഗിച്ചുവെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അഭിഷേകിനെതിരേ കമ്മിഷന്‍ നടപടിയെടുത്തതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനാണ് അഭിഷേക്.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിരീക്ഷകനായി ചുമതലയേറ്റു എന്ന കുറിപ്പോടെ രണ്ടുചിത്രങ്ങളാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിലൊന്നില്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഒബ്‌സര്‍വെര്‍ എന്ന ബോര്‍ഡുവെച്ച ഔദ്യോഗിക കാറിന് അരികില്‍ നില്‍ക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ അഭിഷേകിനൊപ്പം നാല് ഉദ്യോഗസ്ഥരെയും കാണാം.
അഭിഷേകിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ അതീവഗൗവത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടതെന്നാണ് വിവരം. ഉടന്‍തന്നെ നിരീക്ഷകസ്ഥാനത്തുനിന്ന് അഭിഷേകിനെ നീക്കം ചെയ്യുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നിടംവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചുമതലകളില്‍നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്തു. മണ്ഡലത്തില്‍നിന്ന് ഉടന്‍ മടങ്ങാനും മാതൃകേഡറായ ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനായി അനുവദിച്ചിരുന്ന എല്ലാ സര്‍ക്കാര്‍ സൗകര്യങ്ങളും, കാര്‍ ഉള്‍പ്പെടെയുള്ളവ പിന്‍വലിച്ചിട്ടുമുണ്ട്.
കൃഷന്‍ ബാജ്‌പേയി എന്ന മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അഭിഷേകിന് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, എട്ട് തീയതികളിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.