FootballNewsSports

പൊസെഷന്‍ 17.7 മാത്രം! ജപ്പാന്‍ മാജിക്ക്, 999ല്‍ ലക്ഷ്യം പിഴച്ച മെസ്സി,ഖത്തറിലെ കൗതുകങ്ങള്‍

ദോഹ:ഫിഫ ലോകകപ്പില്‍ ഗ്രൂപ്പു ഘട്ട പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. പ്രീക്വാര്‍ട്ടര്‍ ഫൈനലിനെക്കുറിച്ച് ഏകദേശ ചിത്രം തെളിഞ്ഞുകഴിഞ്ഞു. ഇനി പ്രീക്വാര്‍ട്ടറുകളുടെ ലൈനപ്പ് മാത്രമേ അറിയാനുള്ളൂ. നെതര്‍ലാന്‍ഡ്‌സും അമേരിക്കയും തമ്മിലാണ് ആദ്യത്തെ പ്രീക്വാര്‍ട്ടര്‍. തുടര്‍ന്ന് അര്‍ജന്റീന ഓസ്‌ട്രേലിയയെയും ക്രൊയേഷ്യ ജപ്പാനെയും ഫ്രാന്‍സ് പോളണ്ടിനെയും ഇംഗ്ലണ്ട് സെനഗലിനെയും സ്‌പെയിന്‍ മൊറോക്കോയെയും നേരിടും. കഴിഞ്ഞ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെ ചില രസകരമായ നമ്പറുകള്‍ പരിശോധിക്കാം.

japan

17.7, ജപ്പാന്‍ മാജിക്ക്

മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെതിരേ അവിസ്മരണീയ വിജയമാണ് ജപ്പാന്‍ കഴിഞ്ഞ ദിവസം കുറിച്ചത്. 2-1ന്റെ മിന്നുന്ന ജയത്തോടെ അവര്‍ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. പൊസെഷന്‍ ഫുട്‌ബോള്‍ കളിച്ചിട്ടു മാത്രം കാര്യമില്ലെന്നും ജയിക്കാന്‍ ഗോളാണെന്നു വേണ്ടതെന്നും സ്‌പെയിനിനു ജപ്പാന്‍ കാണിച്ചുകൊടുക്കുകയായിരുന്നു.
മല്‍സരത്തില്‍ വെറും 17.7 ശതമാനം മാത്രമായിരുന്നു ജപ്പാന്‍ പന്ത് കൈവശം വച്ചത്. ഇതു ലോകകപ്പ് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്. ഇത്ര കുറച്ചു മാത്രം ബോള്‍ പൊസെഷനുണ്ടായിട്ടും കളിച്ച ജയിച്ച ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ജപ്പാനെ തേടിയെത്തിയത്.

മെസ്സിയുടെ 999

പോളണ്ടുമായുള്ള മല്‍സരം അര്‍ജന്‍റൈന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെ കരിയറിലെ 999ാമത്തെ മല്‍സരമായിരുന്നു. രാജ്യത്തിനും ക്ലബ്ബിനും കൂടിയാണ് അദ്ദേഹം ആയിരമെന്ന നാഴികക്കല്ലിന് തൊട്ടരികിലെത്തിയത്. പക്ഷെ ഇതു അദ്ദേഹത്തിനു നിര്‍ഭാഗ്യത്തിന്റെ നമ്പറായി മാറി. കാരണം കളിയില്‍ ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കിയിരുന്നു. അദ്ദേഹത്തിന്റെ കിക്ക് പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി ബ്ലോക്ക് ചെയ്യുകയായിരുന്നു. പെനല്‍റ്റി ഗോളാക്കാനായില്ലെങ്കിലും കളം നിറഞ്ഞു കളിച്ച മെസ്സി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

messi

ഫ്രാന്‍സിനെ ചതിച്ച 13

നിലവിലെ ലോക ചാംപ്യന്മാരും കിരീട ഫേവറിറ്റുകളിലൊന്നുമായ ഫ്രാന്‍സിനു അവസാന ഗ്രൂപ്പ് മാച്ചില്‍ അപ്രതീക്ഷിത ഷോക്കായിരുന്നു നേരിട്ടത്. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ആഫ്രിക്കയില്‍ നിന്നുള്ള ടുണീഷ്യക്കെതിരേ പരീക്ഷണ ടീമിനെയായിരുന്നു ഫ്രഞ്ച് കോച്ച് ദിദയര്‍ ദെഷാംപ്‌സ് ഇറക്കിയത്. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ 11 ല്‍ ഒമ്പതു പേരെയും അദ്ദേഹം മാറ്റി. ഫലമാവട്ടെ ടൂണീഷ്യ 1-0നു ഫ്രാന്‍സിനെ മലര്‍ത്തിയടിക്കുകയും ചെയ്തു. 2016ലെ യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനോടു തോറ്റ ശേഷം ലോകകപ്പ്, യൂറോ കപ്പ് എന്നിവയില്‍ 13 മല്‍സരങ്ങളില്‍ തോല്‍വിയറിതെ മുന്നേറുകയായിരുന്നു ഫ്രഞ്ച് പട. അതാണ് ടൂണീഷ്യ അവസാനിപ്പിച്ചിരിക്കുന്നത്.

മെക്‌സിക്കോയ്ക്ക് 8ന്റെ പണി

മെക്‌സിക്കോയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ലോകകപ്പല്ല ഖത്തറിലേത്. എട്ടിന്റെ പണിയാണ് അവര്‍ക്കു ടൂര്‍ണമെന്റില്‍ കിട്ടിയിരിക്കുന്നത്. ലോകകപ്പില്‍ എട്ടാം തവണയാണ് മെക്‌സിക്കോ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായത്. സൗത്ത് കൊറിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് നേരത്തേ എട്ടു തവണ ഗ്രൂപ്പുഘട്ടത്തില്‍ മടങ്ങിയ ടീമുകള്‍. മാത്രമല്ല 1978നു ശേഷം ഇതാദ്യമായാണ് മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ കാണാതെ ലോകകപ്പില്‍ നിന്നു മടങ്ങുന്നത്. അവസാനത്തെ ഏഴു ലോകകപ്പുകളിലും അവര്‍ പ്രീക്വാര്‍ട്ടറിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button