ന്യൂഡൽഹി:അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്‍റേതെന്ന പേരില്‍ നോട്ടീസ് അയച്ച് പണം തട്ടി സംഘം. കംബോഡിയയില്‍ നിന്നും നിയന്ത്രിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്ന് പേർ ഡൽഹിയിൽ അറസ്റ്റിലായി. ബ്രൌസറില്‍ വരുന്ന പോപ്പ് അപ്പ് പരസ്യങ്ങളിലൂടെ അഡ്വെയര്‍ ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് വ്യാജ പൊലീസ് നോട്ടീസ് അയച്ചായിരുന്നു തട്ടിപ്പ്. 3000 രൂപ മുതലാണ് പിഴ ഈടാക്കിയിരുന്നത്. ചെന്നൈ സ്വദേശിയായ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശിയായ ബി ദിനുശാന്ത് എന്നിവരാണ് പിടിയിലായത്.
പോണ്‍ വീഡിയോ കാണുന്നവരുടെ കംപ്യൂട്ടറിലെ എല്ലാ ഫയലുകള്‍ ബ്ലോക്ക് ചെയ്തെന്ന് പൊലീസ് അവകാശപ്പെടുന്ന നോട്ടീസാണ് ഇവര്‍ ഇരകളായവര്‍ക്ക് നല്‍കിയിരുന്നത്. നിയമവിരുദ്ധമായ കാര്യം ചെയ്തതിന് മൂവായിരം രൂപ പിഴ നല്‍കണമെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങള്‍ അല്ലാതുള്ള സാധാരണ സെര്‍ച്ചുകള്‍ക്കും ഇത്തരം നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
ഇത്തരത്തില്‍ വ്യാജ പൊലീസ് നോട്ടീസ് കിട്ടിയവര്‍ പരാതി ഉയര്‍ത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. സമൂഹമാധ്യമങ്ങളില്‍ പരാതി വന്നതോടെ ഇവയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചത്. പോപ്പ് അപ്പ് പരസ്യങ്ങളില്‍ മറ്റ് സ്ഥലങ്ങളുടെ പേര് കാണിക്കുന്നതെങ്കിലും പണം നല്‍കിയത് രാജ്യത്ത് തന്നെയുള്ള അക്കൌണ്ടുകളിക്കായിരുന്നു.
ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, ഉദംഗമണ്ഡലം എന്നിവിടങ്ങളില്‍ നിന്നും സംഘം പ്രവര്‍ത്തിച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ പിടിയിലായ ദിനുശാന്തിന്‍റെ സഹോദരന്‍ ബി ചന്ദ്രകാന്തായിരുന്നു തട്ടിപ്പിനായി കംബോഡിയയില്‍ നിന്ന് സഹായം നല്‍കിയിരുന്നത്. ഫെബ്രുവരി മുതല്‍ ജൂണ്‍ മാസം വരെ ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനമുപയോഗിച്ച് 30 ലക്ഷത്തിലധികം രൂപയാണ് സംഘം തട്ടിയെടുത്തത്. ഈ പണം ക്രിപ്റ്റോ കറന്‍സിയാക്കാനുള്ള കംബോഡിയയിലുള്ള ചന്ദ്രകാന്ത് സഹായിച്ചതായി സംഘം പൊലീസിന് മൊഴി നല്‍കി.