ഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ക്ഷണം സ്വീകരിച്ചെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ മാര്‍പാപ്പ (pope francis) ഇന്ത്യ സന്ദര്‍ശിക്കാനിടയുള്ളൂ. ഇന്ത്യ (india) സന്ദര്‍ശനത്തിനിടെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മതസ്വാതന്ത്യം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും സഹിഷ്ണുതയുടെ സന്ദേശമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും ബിജെപി (BJP) ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ മാര്‍പാപ്പ എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മാർപാപ്പയുടെ സന്ദര്‍ശന തീയതിയും അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങളുമെല്ലാം വളരെ പ്രധാനമാണ്. ഇന്ത്യയിലെയും വത്തിക്കാനിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് അധികം വൈകാതെ കടക്കുമെന്നാണ് സൂചന. ഇന്ത്യ താല്‍പര്യപ്പെടുന്ന സമയം വത്തിക്കാനെ അറിയും. ഈ സമയം മാര്‍പാപ്പക്ക് മറ്റ് വിദേശ പര്യടനങ്ങളില്ലെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങള്‍ നലകുന്ന സൂചന.
എന്നാല്‍ വരുന്ന വര്‍ഷമാദ്യം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ അക്കാലയളവില്‍ സന്ദര്‍ശനം നടക്കാന്‍ സാധ്യത കുറവായിരിക്കും. മറ്റു രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വേളകള്‍ മാര്‍പാപ്പ സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കാറില്ല. കൊവിഡ് സാഹചര്യം, മാര്‍പാപ്പയുടെ ആരോഗ്യം ഇതൊക്കെ ഘടകങ്ങളാണ്. അതേസമയം മോദി – മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്ന് വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചില കേന്ദ്രങ്ങള്‍ മാത്രം ഉന്നയിക്കുന്ന അനാവശ്യ ചർച്ചയാണിതെന്നാണ് ബിജെപിയുടെ പ്രതികരണം
ഇന്ത്യയിലെത്തിയാല്‍ കേരളം,ഗോവ,കൊല്‍ക്കത്ത,മുംബൈ തുടങ്ങിയ സ്ഥലങ്ങൾ മാർപാപ്പ സന്ദർശിക്കുമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശന ക്ഷണത്തെ വത്തിക്കാനും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇതിനിടെ മതാനുയായികൾക്കിടയിൽ ഇതര മതസ്ഥരോട് സാഹോദര്യം വളർത്താൻ മതനേതാക്കൾ ശ്രമിക്കണമെന്ന് ദീപാവലി സന്ദേശത്തിൽ വത്തിക്കാൻ വ്യക്തമാക്കി. മതമൗലികവാതം, ഭീകരത, അതിദേശീയവാദം എന്നിവ ലോകത്തിന് ഭീഷണിയാണ്. പകർച്ചവ്യാധിയുടെ ആകുലതകൾക്കിടയിലും ജീവിതം പ്രകാശമാനമാക്കാൻ ദീപാവലി അഘോഷത്തിനു കഴിയട്ടെയെന്നും വത്തിക്കാന്‍ ആശംസിച്ചു.