വലിയ ഇടയന് വിട; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ഇന്ത്യന്‍ സമയം 1.30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകള്‍ക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റര്‍ അകലെ, സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് സംസ്‌കരിക്കും.

പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം ഇന്നലെ അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങള്‍ അടങ്ങിയ സഞ്ചിയും മാര്‍പാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളില്‍ വച്ചു.

കത്തോലിക്കാ സഭയുടെ കാമര്‍ലെംഗോയും (വസ്തുവകകളുടെ ചുമതലക്കാരന്‍) അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാളുമായ കെവിന്‍ ഫാരലിന്റെ മുഖ്യകാര്‍മികത്വത്തില്‍, മുതിര്‍ന്ന കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേര്‍ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്‌കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്‍പര്യമെടുത്ത് പരിഷ്‌കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇന്ന് ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന സംസ്‌കാര ദിവ്യബലിയില്‍ ലോകനേതാക്കള്‍ പങ്കെടുക്കും. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യകാര്‍മികത്വം വഹിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ സഹകാര്‍മികരാകും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കും. കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍കസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News