ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ട സൈനികൻ.
ഭീകരർ രണ്ടുവാഹനങ്ങൾക്കുനേരേ പതുങ്ങിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. അനന്ത്നാഗ്-രജൗറി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.
പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേനാ സൈനികൻ കോർപ്പറൽ വിക്കി പഹാഡെയുടെ ഭൗതിക ശരീരം അന്ത്യകർമ്മങ്ങൾക്കായി ജന്മനാടായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ എത്തിച്ച മൃതദേഹം പ്രത്യേക വാഹനത്തിൽ ചിന്ദ്വാരയിൽ എത്തിക്കുകയായിരുന്നു. ചിന്ദ്വാരയിലെ നോനിയ കർബലിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) മനീഷ് ഖത്രി അറിയിച്ചു.
2011 ലാണ് 33 കാരനായ പഹാഡെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. റീനയാണ് ഭാര്യ, അഞ്ച് വയസ്സുകാരനായ ഹാർദിക് ആണ് ദമ്പതികളുടെ ഏക മകൻ. ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 18 ന് പഹാഡെ വീണ്ടും യൂണിറ്റിൽ ചേർന്നിരുന്നു. അടുത്ത മാസം മകന്റെ പിറന്നാളിന് സമ്മാനങ്ങളുമായി എത്തുന്നതും പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്കാണ് പഹാഡെയുടെ വിയോഗ വാർത്തയെത്തുന്നത്.
മുഖ്യമന്ത്രി മോഹൻ യാദവ് ചിന്ദ്വാരയിൽ വിക്കി പഹാഡെയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പഹാഡെയുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.
മെയ് നാലിന് ഇന്ത്യൻ വ്യോമസേനയുടെ വാഹനത്തിന് നേരെ പൂഞ്ച് സെക്ടറിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ കോർപ്പറൽ വിക്കി പഹാഡെ ഉൾപ്പെടെ 5 വ്യോമസേനാ സൈനികർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിക്കി പഹാഡെ സൈനിക ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ അബു ഹംസയുടെ അബു ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
അതിനിടെ ഭീകരാക്രമണത്തിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ ആരോപണവുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ആക്രമണം ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.
”ഇതൊക്കെ വെറും സ്റ്റണ്ടുകൾ മാത്രമാണ്. ഭീകരമാക്രമണം ഒന്നുമല്ല. ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട് മാത്രമാണിതെല്ലാം. അതിൽ ഒരു വസ്തുതയുമില്ല. ബി.ജെ.പി ജനങ്ങളുടെ ജീവനും കൊണ്ടാണു കളിക്കുന്നത്.”-ചരൺജിത് വിമർശിച്ചു. തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം ഇത്തരം സ്റ്റണ്ടുകൾ നടക്കാറുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരം ആക്രമണങ്ങൾ നടന്നിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾ ശക്തമാക്കാൻ വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഇതെല്ലാമെന്നും ചരൺജിത് സിങ് ഛന്നി കൂട്ടിച്ചേർത്തു.