CrimeKeralaNews

‘പൂമ്പാറ്റ’ സിനി അറസ്റ്റില്‍, എസ്.യു.വി വാടകയ്‌ക്കെടുത്ത് ഉടമയറിയാതെ മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്,ലേഡി ഗുണ്ടാ റാണിയ്‌ക്കെതിരെയുള്ളത് നിരവധി കേസുകള്‍

തൃശൂർ: വീണ്ടും പൂമ്പാറ്റ സിനി കുടുങ്ങി. വർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സിനിയെ ഒല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാർ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ കേശവപ്പടി സ്വദേശി ജിതിൻ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാർ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റുവെന്നതാണ് ആക്ഷേപം.

ജിതിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഒല്ലൂർ സ്റ്റേഷനിൽ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും റൗഡി ലിസ്റ്റിലും ഉൾപ്പെട്ട ആളാണ് സിനി. ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗൺ, ഈസ്റ്റ്, മാള എന്നീ പൊലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നിർദ്ദേശാനുസരണമായിരുന്നു അറസ്റ്റ്.

പേരുകൾ മാറ്റി പാറി നടക്കുന്നവളാണ് പൂമ്പാറ്റ സിനി. പോകുംവഴി സാധ്യമായിടത്തു നിന്നെല്ലാം സ്വർണവും പണവും തട്ടും. കുറച്ചു കാലം മുമ്പ് സ്വത്തുതട്ടിപ്പുകേസിൽ സിനി ലാലുവെന്ന ‘പൂമ്പാറ്റ സിനി’ അറസ്റ്റിലാകുമ്പോൾ വീട്ടിലെ അടച്ചിട്ട മുറി കണ്ട പൊലീസു പോലും ഞെട്ടി. പൂട്ടിയിട്ട മുറി തുറക്കാൻ സിനിയോടാണ് പൊലീസ് ആവശ്യപ്പെട്ടത്. സിനി ആ വാതിൽ തുറന്നതും പൊലീസുകാർ പോലും പേടിച്ചു. മന്ത്രവാദം നടത്തുന്ന മുറി. കൂറ്റൻ രൂപങ്ങൾ. പോത്തിന്റെ തലയൊക്കെയുണ്ട്. മന്ത്രവാദമുണ്ടെന്നു കാട്ടി ഭയപ്പെടുത്താനുപയോഗിക്കുന്ന ‘ഡെക്കറേഷൻ’.

സിനി പിടിയിലായ കേസുകളിൽ സ്വർണമിരട്ടിപ്പ്, വിഗ്രഹമുണ്ടെന്നു പറഞ്ഞുപറ്റിക്കൽ തുടങ്ങി, വിശ്വാസത്തെ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളേറെയാണ്. കർമം നടത്തി സ്വർണം ഇരട്ടിപ്പിക്കാം, ആസ്മ വന്നു മരിക്കാതിരിക്കാൻ കർമം ചെയ്യാം… നമ്പരുകൾ പലതാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്കുള്ള പ്രത്യേക കർമത്തിന് ഒരുലക്ഷത്തിപ്പതിനായിരം രൂപയായിരുന്നത്രേ ഫീസ്. നാടാകെ ആളുകളെ പറ്റിച്ചു പലപേരിൽ പറന്നുനടക്കുന്നതുകൊണ്ടാണ് പൂമ്പാറ്റ സിനിയെന്ന പേരു വീണതെന്നു പൊലീസ് പറയുന്നു. ശ്രീജ, ശാലിനി, ഗായതി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലായിരുന്നു സിനി ആളുകളെ സമീപിച്ചിരുന്നത്. ആഡംബര കാറിലെ യാത്രയും വിലകൂടിയ വേഷവുമൊക്കെയാവുമ്പോൾ സ്വാഭാവികമായും ആരും സിനിയെ സംശയിച്ചിരുന്നില്ല.

നാക്ക് കൊണ്ട് ആളുകളെ വളച്ചെടുത്ത് പണം തട്ടി കോടീശ്വരിയായതാണ് പൂമ്പാറ്റ സിനി. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സിനിയുടെ തട്ടിപ്പിൽ വീണത് വമ്പന്മാരാണ്. അന്തിക്കള്ള് വിറ്റാണ് സിനി ലാലു എന്ന യുവതി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിക്കാറ്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലൊരു മകളും സിനിക്കുണ്ട്. ഭർത്താവ് മരിച്ച ശേഷം ജീവിക്കാൻ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി ലാലു പൂമ്പാറ്റ സിനിയായി വളർന്നത്.

തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകൾ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയൽ എസ്റ്റേറ്റിൽ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വൻകിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറിൽ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലർന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്. സിനിയുടെ കൊച്ചിയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പാൻ ഉൽപ്പന്നങ്ങളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. വിൽപ്പനയ്ക്കുള്ളതാവും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ സിനി സ്ഥിരമായി പാനും മറ്റ് ലഹരി ഉത്പന്നങ്ങളും കഴിക്കുന്നയാളാണ്. എല്ലായ്‌പ്പോഴും വായിൽ ഹാൻസ് ഉണ്ടാകുമത്രേ. വെള്ളമടിയുടെ കാര്യത്തിലും ഒട്ടും മോശമല്ല. ബ്യൂട്ടിപാർലറിലെ സ്ഥിരം സന്ദർശക കൂടിയായിരുന്നു ഈ സ്ത്രീ.

തട്ടിപ്പ് പൊളിയാതിരിക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും വേണ്ടി പൂമ്പാറ്റ സിനി ചാത്തൻ സേവ നടത്തിയിരുന്നു. ഇവർ താമസിക്കുന്ന വീടുകളിലെ മുറികളിൽ സ്വന്തമായി ചെറിയ ക്ഷേത്രം നിർമ്മിക്കുകയും ചാത്താൻ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നു. ആലപ്പുഴയിലെ റിസോർട്ട് ഉടമയെ വലയിലാക്കിയ സിനി ഇയാൾക്കൊപ്പം നഗ്നചിത്രങ്ങൾ പകർത്തി. ഈ ചിത്രം കാട്ടി സിനിയുടെ കൂട്ടാളികൾ ഇയാളിൽ നിന്നും ലക്ഷങ്ങൾ പിടുങ്ങി. പലപ്പോഴായി കൈക്കലാക്കിയത് 50 ലക്ഷത്തോളം വരും. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.

തൃശൂരിലെ പ്രമുഖ ജൂവലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്.എറണാകുളത്തെ ജൂവലറി ഉടമയ്ക്ക് പോയത് 95 പവൻ സ്വർണമാണ്.വനിതാ പൊലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവൻ സ്വർണം സിനി തട്ടിയെടുത്തത്. തൃശൂരിലെ ജൂവലറിയിൽ ഉയർന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വർണം തട്ടി. സാധാരണ വീട്ടമ്മമാർ മുതൽ ജൂവലറി ഉടമകൾ വരെ സിനിയുടെ തട്ടിപ്പിനിരയായിരുന്നു.

സ്വർണക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പാലപ്പിള്ളി സ്വദേശി പൂന്തല സെയ്തലവിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തത്. വിദേശത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന സ്വർണം പാതിവിലയ്ക്ക് നൽകാമെന്നായിരുന്നു സിനിയുടെ വാഗ്ദാനം. ഇതിനു പുറമേ സെയ്തലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രവാസി ബസ് താൽക്കാലിക കരാറെഴുതി സിനി സ്വന്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെ സെയ്തലവിയുടെ പേരിലുള്ള ഭൂമിയുടെ ആധാരവും സിനി സ്വന്തമാക്കിയിരുന്നു. ചൊക്കന-പാലപ്പിള്ളി-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന പ്രവാസി ബസ് സിനി പിന്നീട് മാറ്റക്കച്ചവടം നടത്തിയെന്നും സെയ്തലവിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

സാധാരണ വീട്ടമ്മമാരെ മുതൽ വൻകിട ജൂവലറി ഉടമകളെ വരെ കബളിപ്പിച്ച പൂമ്പാറ്റ സിനിക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പല കേസുകളിലും സിനി അറസ്റ്റിലായിരുന്നുവെങ്കിലും ശിക്ഷിപ്പെട്ടിരുന്നില്ല. പൊലീസിലെ സ്വാധീനമാണ് സിനിക്ക് രക്ഷപ്പെടാൻ അവസരം നൽകിയതെന്ന ആരോപണം സജീവമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button