KeralaNews

വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം: പൂക്കോട് വെറ്ററിനറി കോളജ് അടച്ചു

വൈത്തിരി: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളജ് അടച്ചു. ഈ മാസം 5 മുതൽ 10 വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടർ ഇറക്കിയ ഉത്തരവ്. പരീക്ഷകളും മാറ്റിവച്ചു. ഓൺലൈൻ ക്ലാസിനു തടസ്സമില്ല.

ഇതിനിടെ സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതൽ സസ്പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.

സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേതന്നെ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കി.

ഇവര്‍ക്കു 3 വര്‍ഷത്തേക്ക് മറ്റൊരു കോഴ്സിനും ചേരാനാകില്ല. ക്യാംപസിലേക്കു തിരിച്ചെത്താന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിര്‍ദേശമനുസരിച്ചു മര്‍ദിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്ത 10 വിദ്യാര്‍ഥികളെയും പുറത്താക്കി. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കു പരീക്ഷയെഴുതാനാകില്ല. ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button