ജബല്‍പുര്‍: ഓസ്ട്രേലിയയുടെ ഉത്ഭവത്തെക്കുറിച്ച് പുതിയ അവകാശവാദവുമായി ഇന്റര്‍നെറ്റില്‍ ‘പൂക്കി ബാബ’ എന്ന് അറിയപ്പെടുന്ന ആത്മീയ നേതാവ് അനിരുദ്ധാചാര്യ. രാമ-രാവണ യുദ്ധകാലത്താണ് ഓസ്‌ട്രേലിയയുടെ ഉദ്ഭവം എന്ന തരത്തിലുള്ള അനിരുദ്ധാചാര്യയുടെ പ്രസംഗം ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആയുധങ്ങള്‍ കൊണ്ടുതള്ളുന്നതിനായി കണ്ടെത്തിയ ദ്വീപാണ് പിന്നീട് ഓസ്‌ട്രേലിയ എന്നാണ് അനിരുദ്ധാചാര്യയുടെ വാദം.
‘ഓസ്ട്രേലിയയുടെ യാഥാര്‍ത്ഥ്യം’ എന്ന തലക്കെട്ടോടെയാണ് അനിരുദ്ധാചാര്യ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. രാമ-രാമവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയില്‍ യുദ്ധശേഷമുള്ള സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘രാമ-രാവണ യുദ്ധം കഴിഞ്ഞപ്പോള്‍, വലിയ തോതില്‍ സൈനികര്‍ കൊല്ലപ്പെട്ടു. അവരുടെയെല്ലാം വാളുകള്‍ ഉപേക്ഷിക്കപ്പെട്ടു. ലങ്കയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടു.’ അദ്ദേഹം പറഞ്ഞു.
‘ഒന്ന് ചിന്തിച്ചുനോക്കൂ. രാവണന്റെ ഒരു ലക്ഷം മക്കള്‍, രാവണന്റെ ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരും അവിടെയുണ്ടായിരുന്നു? എല്ലാ സൈനികരെയും രാമസൈന്യം കൊന്നൊടുക്കി. അപ്പോള്‍ ഈ കൊല്ലപ്പെട്ടവരുടെയെല്ലാം വാളുകള്‍, അവരുടെ മറ്റ് ആയുധങ്ങള്‍, എല്ലാം അനാഥമായി. യുദ്ധത്തിനുശേഷം ലങ്കയില്‍ വലിയ അളവില്‍ ആയുധങ്ങള്‍ കൂമ്പാരമായി.’ അനിരുദ്ധാചാര്യ പറഞ്ഞു.


