ചെന്നൈ: പൊങ്കലിന് തമിഴ്നാട് സർക്കാർ (Tamil Nadu Government) പ്രഖ്യാപിച്ച റേഷൻ കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ല എന്നാരോപിച്ച് തമിഴ്നാട്ടിൽ റോഡ് ഉപരോധിച്ച് ജനങ്ങളുടെ പ്രതിഷേധം. പൊങ്കലവധി കഴിഞ്ഞിട്ടും കിറ്റ് (Pongal Kit) വിതരണം ചെയ്യാതെ റേഷൻ കടകളിൽ കെട്ടിക്കിടക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
തമിഴ്നാട് കുത്താലത്തിനടുത്ത് തിരുവടുതുറയിലാണ് റേഷൻ പൊങ്കൽ കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ പ്രതിഷേധിച്ചത്. കേടുവന്ന ശർക്കരയും പുഴുകുത്തിയ അരിയുമാണ് പൊങ്കൽ കിറ്റിൽ കിട്ടിയതെന്നാണ് ജനങ്ങളുടെ പരാതി. ക്ഷുഭിതരായ നാട്ടുകാർ രണ്ട് മണിക്കൂർ നേരം റേഷൻകടയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ചു. പൊങ്കൽ കഴിഞ്ഞിട്ടും കിറ്റുകൾ വിതരണം ചെയ്യാതെ റേഷൻ കടകളിൽ കെട്ടിക്കിടക്കുകയാണ്.
റേഷൻ കിറ്റിൽ തട്ടിപ്പ് നടത്തുന്നുവെന്നും സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധിച്ച നാട്ടുകാരുമായി സ്ഥലത്തെത്തിയ കുത്താലം പൊലീസും പൊതുവിതരണ വകുപ്പ് അധികൃതരും ചർച്ച നടത്തി. കേടുവന്ന കിറ്റുകളാണ് വിതരണം ചെയ്യാതിരുന്നതെന്നാണ് വിശദീകരണം. ജനങ്ങളുടെ പരാതിയിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.