ന്യൂഡൽഹി: മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. ആശയവിനിമയത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഉപകരണമാണ് ഇ.വി.എം. യന്ത്രത്തിന്റെ പ്രവർത്തനത്തിന് ഒ.ടി.പി ആവശ്യമില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി വ്യക്തമാക്കി.
മൊബൈൽ ഫോൺ ഉപയോഗിച്ച് ഇ.വി.എം അൺലോക്ക് ചെയ്യാൻ സാധിക്കില്ല. യാതൊരു രീതിയിലും പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള സാധ്യതയും യന്ത്രത്തിൽ ഇല്ല. ഇ.വി.എം പ്രവർത്തിക്കാൻ ഒ.ടി.പി.യുടെ ആവശ്യമില്ല. ഒരു ബട്ടൺ വഴിയാണ് ഫലങ്ങൾ വ്യക്തമാകുന്നത്. നിലവിൽ പുറത്തുവരുന്ന അഭിപ്രായപ്രകടനങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന നുണയെ അടിസ്ഥാനമാക്കിയാണെന്നും അവർ കുറ്റപ്പെടുത്തി.
എൻഡിഎയുടെ മഹാരാഷ്ട്രയില്‍നിന്നുള്ള ലോക്‌സഭാ എം.പി രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കർക്കെതിരേയാണ് ആരോപണം ഉയർന്നത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടില്‍ക്കർ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത ‘ബ്ലാക്ക് ബോക്സുകളാ’ണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.