തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നൽകി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ പി ശശിയെന്നല്ല, ആരും സീറ്റിൽ കാണില്ല. ആരോപണം വന്നതിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയില്ല. അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടാൽ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഡിജിപി എം ആര്‍ അജിത് കുമാറിനെ നിലവില്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.