തിരുവനന്തപുരം:തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിയ്ക്ക ഏതാനും ചില സീറ്റുകളിൽ തട്ടിത്തടയുകയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണികളിലെ വീതംവെപ്പ് ചർച്ചകൾ. യു.ഡി.എഫ്., എൽ.ഡി.എഫ്. മുന്നണികളിൽ കേരള കോൺഗ്രസുമായുള്ള തർക്കമാണ് അവശേഷിക്കുന്നത്. എൻ.ഡി.എ.യിലാകട്ടെ, തുഷാർ വെള്ളാപ്പള്ളിയും പി.സി. തോമസും മത്സരിക്കാൻ വിസമ്മതിക്കുന്നതാണ് പ്രശ്നം.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചകൾ ബുധനാഴ്ച പൂർത്തിയായി. വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗംചേർന്ന് ജില്ലകളിൽനിന്നുള്ള നിർദേശം പരിശോധിക്കും
ചങ്ങനാശ്ശേരി സീറ്റിനായി സി.പി.ഐ.യും കേരള കോൺഗ്രസും(എം) പിടിമുറുക്കിയതോടെ തർക്കം. സി.പി.ഐ. മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ തയ്യാറാണെങ്കിലും പകരം ചങ്ങനാശ്ശേരി ചോദിച്ചു. അതിന് ജോസ് കെ. മാണി തയ്യാറാവാത്തതാണ് കല്ലുകടിയായത്. രണ്ട് പാർട്ടികളുമായും വീണ്ടും ചർച്ചചെയ്യാമെന്നാണ് ധാരണ.
കേരള കോൺഗ്രസ് ജോസഫ് ഒഴികെയുള്ള കക്ഷികളുമായി യു ഡി.എഫിലെ സീറ്റുചർച്ച പൂർത്തിയാകുന്നു. മുസ്ലിംലീഗിന് മൂന്നുസീറ്റുകൂടി നൽകുന്നതോടെ അവർക്ക് 27 സീറ്റാകും. ബേപ്പൂർ, പട്ടാമ്പി, കൂത്തുപറമ്പ് എന്നിവയാണ് അധികമായി ലഭിക്കുന്നത്. ബാലുശ്ശേരി കോൺഗ്രസ് എടുക്കും. കുന്നമംഗലം ലീഗും. ചടയമംഗലം ലീഗിന് നൽകും. പുനലൂർ കോൺഗ്രസ് ഏറ്റെടുക്കും. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുമായി നടത്തിയ ചർച്ചകളിലാണ് ധാരണ. മാണി സി. കാപ്പന്റെ എൻ.സി.കെ.യ്ക്ക് പാലായ്ക്കുപുറമേ എലത്തൂരും നൽകും. ആർ.എസ്.പി.ക്ക് കഴിഞ്ഞതവണ മത്സരിച്ച അഞ്ചുസീറ്റു തന്നെ.
ബി.ഡി.ജെ.എസ്. ചെയർമാൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാതെ പ്രവർത്തനം ഏകോപിക്കുന്നതിലാണ് താത്പര്യമെന്നതിൽ ഉറച്ചുനിൽക്കുകയാണ്. പി.സി. തോമസ് മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പാർട്ടിയായ കേരള കോൺഗ്രസിന് എല്ലാ ജില്ലകളിലും സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. ബി.ഡി.ജെ.എസ്. ഒഴികെയുള്ള കക്ഷികൾ സീറ്റെണ്ണത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും ഉറച്ചുനിൽക്കുകയാണ്. പത്തിനകം എൻ.ഡി.എ. സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകും.ബി.ഡി.ജെ.എസ്. ചെയർമാൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാതെ പ്രവർത്തനം ഏകോപിക്കുന്നതിലാണ് താത്പര്യമെന്നതിൽ ഉറച്ചുനിൽക്കുകയാണ്. പി.സി. തോമസ് മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പാർട്ടിയായ കേരള കോൺഗ്രസിന് എല്ലാ ജില്ലകളിലും സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. ബി.ഡി.ജെ.എസ്. ഒഴികെയുള്ള കക്ഷികൾ സീറ്റെണ്ണത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും ഉറച്ചുനിൽക്കുകയാണ്. പത്തിനകം എൻ.ഡി.എ. സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകും.