KeralaNews

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യും; ഡിജിപി

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടിയെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോണ്‍ഫറന്‍സിലാണ് ഡിജിപിയുടെ നിര്‍ദേശം. പൊലീസുകാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നത് തടയാനായി പ്രചരണം നടത്തണമെന്നും ഡിജിപി അറിയിച്ചു. സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയണം. മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയണം.

ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവുമാണ് റിവ്യൂ കോണ്‍ഫറന്‍സില്‍ പ്രധാന ചര്‍ച്ചയായത്. ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ എഡിജിപിമാര്‍ വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ മാസമായിരുന്നു ആലപ്പുഴയിലെ ഡിവൈഎസ്പി എം ജി സാബുവും മൂന്ന് പൊലീസുകാരും ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്തത്. വിവരമറിഞ്ഞ് അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്റൂമില്‍ ഒളിച്ചു. സംഭവം സേനക്ക് ആകെ മാനക്കോടുണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും പുറത്തുവന്നത് സര്‍ക്കാരിനും നാണക്കേടായിരുന്നു. ഇത് അമര്‍ച്ച ചെയ്യാനുള്ള കാര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഈ സര്‍ക്കാര്‍ വന്നശേഷം ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button