KeralaNews

‘കാഫിർ’ പ്രയോഗം എന്നെ ആഞ്ഞുവെട്ടാൻ സിപിഎം ഉപയോഗിച്ച വ്യാജസൃഷ്ടി;ആഞ്ഞടിച്ച് ഷാഫി

കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും നിയുക്ത വടകര എം.പിയുമായ ഷാഫി പറമ്പിൽ. സി.പി.എം. ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗമെന്നും മതത്തിന്റെ പേരിൽ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീനശ്രമമാണ് വടകരയിൽ നടന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ നാടിൻ്റെ ഐക്യത്തിന്റേയും പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് എന്റേയും മുഖത്ത് ആഞ്ഞ് വെട്ടാൻ സി.പി.എം. ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗം. ഇത് എല്ലാവർക്കും ബോധ്യപ്പെട്ടു. ഒരു മതത്തിൻ്റെ പേരിൽ ഞങ്ങളെയൊക്കെ കള്ളികൾക്ക് ഉള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീന ശ്രമമാണ് നടന്നത്. വ്യാജ വെട്ടിൻ്റെ ഉറവിടം സി.പി.എം. തന്നെയായിരുന്നുവെന്ന് തെളിഞ്ഞു. കെ.കെ. ലതിക ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ ഇത് പ്രചരിപ്പിച്ചു.’ -ഷാഫി പറമ്പിൽ പറഞ്ഞു.

‘ഇതിനെതിരെ പ്രതികരിക്കാൻ സി.പി.എംകാർ തയ്യാറാവണം. എന്നോട് മാപ്പ് പറയേണ്ട കാര്യമില്ല. എനിക്ക് ഈ നാട്ടിലെ ജനങ്ങൾ തന്ന പരിച ഉണ്ട്. എനിക്ക് ജനങ്ങൾ കൊടുത്ത മറുപടി ധാരാളം മതി. വ്യാജ സ്ക്രീൻഷോട്ട് സത്യമാണ് എന്ന് വിശ്വസിച്ച സി.പി.എമ്മുകാരോടെങ്കിലും ഇവർ മാപ്പ് പറയുമോ? പോലീസിൻ്റെ ഉത്തരവാദിത്വം തീരുന്നില്ല. ഫേസ്ബുക്ക് നോഡൽ ഓഫീസർക്കെതിരെ കേസെടുത്തു എന്ന് പറഞ്ഞു. പക്ഷെ ഈ ആവേശം എന്ത് കൊണ്ട് ഇത് കള്ളമാണെന്നറിഞ്ഞിട്ടും പ്രചരിപ്പിച്ചവർക്കെതിരേ കേസെടുക്കാൻ ഇല്ല?’

‘ഫേസ്ബുക്ക് കനിഞ്ഞാലെ ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്താനാകൂ എന്ന പോലീസ് വാദം സാങ്കേതിക വിദ്യയിൽ ഉള്ള ആത്മവിശ്വാസമല്ല, പ്രതികൾ ആരെന്ന് പോലീസിനും സി.പി.എമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാൻ ഉള്ള അവസാന ശ്രമമാണത്. ആ അഡ്മിനെ വിളിച്ചാൽ അറിയില്ലേ, ഇത് പ്രചരിപ്പിച്ച കെ.കെ. ലതികയോട് ചോദിച്ചാൽ അറിയില്ലേ, ഇത് എവിടുന്ന് കിട്ടിയെന്ന്.’ -ഷാഫി തുടർന്നു.

‘നിയമ പോരാട്ടം തുടരും രാഷ്ട്രീയമായി തുറന്നുകാട്ടിക്കൊണ്ടേയിരിക്കും. ഇതിന് പിന്നിൽ ആരെന്ന് ഈ നാടിന് അറിയണം . അജ്ഞാത ഉറവിടം ആണെങ്കിൽ ആ സ്ക്രീൻ ഷോട്ട് വെച്ച് ‘എന്ത് വർഗീയത ആണെടോ പ്രചരിപ്പിക്കുന്നത്’ എന്ന ചോദ്യം എന്നോട് ചോദിക്കരുത്. കണ്ണാടിയുടെ മുമ്പിൽ നിന്ന് ചോദിക്കണം. ആളും അർത്ഥവും ഇല്ലെങ്കിൽ എന്ത് വർഗീയതയാണ് പ്രചരിപ്പിക്കുന്നത് എന്ന് സ്ഥാനാർത്ഥി ചോദിക്കരുതായിരുന്നു.’

‘ഈ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ പിടികൂടിയേ തീരൂ . പോലീസ് വിചാരിച്ചാൽ അതിന് മിനുറ്റുകൾ മതി. പക്ഷേ പോലീസ് വിചാരിക്കാത്തത് സി.പി.എമ്മിന് വേണ്ടിയാണ്. പോലീസ് കള്ളക്കളിക്ക് കൂട്ടുനിൽക്കരുത്. മുഖ്യമന്ത്രി പറയുന്ന മതേതരത്വം ആത്മാർത്ഥതയുള്ളതെങ്കിൽ ഇതിൽ പ്രതികളെ പിടിക്കാനുള്ള ഉത്തരവ് പോലീസിന് കൊടുക്കണം. അവരെ ഒളിപ്പിച്ചാൽ നാളെ ഇതിലും വലിയ ക്രൂരത ചെയ്യും. ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം. പോലീസ് അഡ്ജസ്റ്റ്മെന്റ് തുടർന്നാൽ യു.ഡി.എഫുമായി ആലോചിച്ച് മറ്റൊരു അന്വേഷണം ആവശ്യപ്പെടും. ഞങ്ങളുടെ വിജയത്തിന് വേറൊരു നിറം നൽകാനും ശ്രമിച്ചു . ഇപ്പോൾ ഗതി കെട്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.’ -ഷാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തന്റെ അഭിപ്രായം പാർട്ടി വേദിയിൽ പറയുമെന്നും ഷാഫി പറഞ്ഞു. നാടിന് വേണ്ടി നന്നായി പ്രവർത്തിക്കാൻ കഴിയുന്ന, സഭയിൽ നന്നായി പെർഫോം ചെയ്യുന്ന ആളായിരിക്കണം സ്ഥാനാർഥി. കെ. മുരളീധരൻ പാർട്ടിയുടെ മുഖമായി തുടരും. അദ്ദേഹം വ്യക്തിലാഭത്തിന് വേണ്ടി എടുത്ത തീരുമാനമല്ല സ്ഥാനാർത്ഥിത്വം. പാലക്കാട് ഭൂരിപക്ഷം കുറയില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker