ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തതിന് കോണ്‍ഗ്രസ് നേതാവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ മുന്‍ എം എല്‍ എ കൂടിയാണ് ആസിഫ് മുഹമ്മദ് ഖാന്‍. ആസിഫ് മുഹമ്മദ് ഖാനെതിരെ ദല്‍ഹി ജാമിയ നഗറില്‍ പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ നാലിന് ദല്‍ഹി കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷഹീന്‍ബാഗില്‍ നിന്നാണ് ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ജനവിധി തേടുന്നത്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആം ആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനാണ് താന്‍ എത്തിയത് എന്നാണ് ആസിഫ് മുഹമ്മദ് ഖാന്‍ പറയുന്നു.
ഈ സമയത്ത് പൊലീസ് അകാരണമായി ഇടപെട്ടു എന്നാണ് ആസിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ ജാമിഅ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് മുഹമ്മദ് ഖാന്‍ പിടിച്ച് തള്ളുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു എന്നാണ് ഡി സി പി ഇഷ പാണ്ഡെ പറയുന്നത്.
പ്രദേശത്ത് പട്രോളിംഗ് നടത്തുമ്പോള്‍ കോണ്‍സ്റ്റബിള്‍ തയ്യബ് മസ്ജിദിന് മുന്നില്‍ മുപ്പതോളം ആളുകള്‍ തടിച്ചുകൂടുന്നത് ശ്രദ്ധിക്കുകയും കൂടുതല്‍ പൊലീസുകാരുമായി അവിടേക്ക് പോകുകയും ആയിരുന്നു. അവിടെ എത്തുമ്പോള്‍ എം സി ഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആരിബ ഖാന്റെ പിതാവ് ആസിഫ് മുഹമ്മദ് ഖാന്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.
സ്പീക്കര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ടോയെന്ന് സബ് ഇന്‍സ്പെക്ടര്‍ അക്ഷയ് ചോദിച്ചു. ഇതോടെ ആസിഫ് മുഹമ്മദ് ഖാന്‍ അക്രമാസക്തനാകുകയും പൊലീസുകാരോട് മോശമായി പെരുമാറുകയും ചെയ്തു എന്നാണ് ഇഷ പാണ്ഡെ പറയുന്നത്. അധിക്ഷേപകരമായ ഭാഷയും ഉപയോഗിച്ച് എസ് ഐ അക്ഷയെ ആസിഫ് മുഹമ്മദ് ഖാന്‍ മര്‍ദ്ദിച്ചു എന്നും ഡി സി പി പറഞ്ഞു.
ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 186, 353 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വീട്ടിലെത്തിയ പൊലീസ് സംഘം ബലം പ്രയോഗിച്ചാണ് ആസിഫ് മുഹമ്മദ് ഖാനെ കസ്റ്റഡിയില്‍ എടുത്തത് എന്ന് ആരിബ ഖാന്‍ ആരോപിച്ചു.