പെണ്‍കുട്ടികളെ ഇടിച്ചിട്ടു കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രികനെ തെരഞ്ഞു പോലീസ്

പത്തനംതിട്ട: ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച പെണ്‍കുട്ടികളെ മറ്റൊരു സ്‌കൂട്ടര്‍ യാത്രികന്‍ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞു. വെച്ചൂച്ചിറ ടൗണിലെ പ്രധാന റോഡിലാണ് അപകടമുണ്ടായത്. ആളുകളെ കയറ്റാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടന്ന് വന്ന പെണ്‍കുട്ടികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിന്റെ ഇടത് ഭാഗത്തുനിന്നും വന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. പരിക്കേറ്റ വെച്ചൂച്ചിറ പുത്തേട്ട് ആന്‍മരിയ (23), പരവരാക്കത്ത് ജോഫിയ ജോജി (18) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും നല്‍കിയ പരാതിയില്‍ വെച്ചൂച്ചിറ പോലീസ് കേസെടുത്തു. നിര്‍ത്താതെ പോയ സ്‌കൂട്ടറിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളെ ഇടിച്ചിട്ട സ്‌കൂട്ടര്‍ യാത്രികര്‍ വേഗത്തില്‍ വാഹനമോടിച്ച് പോകുന്നത് വ്യക്തമാണ്. അപകടമുണ്ടാക്കിയ സ്‌കൂട്ടറിലും രണ്ടു യാത്രികരുണ്ടായിരുന്നു. ഇടിച്ചിട്ട് പോയ വാഹനത്തിന്റെ നമ്പര്‍ പരിസരത്തുണ്ടായിരുന്നവര്‍ക്കും പെണ്‍കുട്ടികള്‍ക്കും കാണാന്‍ കഴിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News