കൊല്ലം: കരിയിലക്കുഴിയില്‍ നിന്നു നവജാതശിശുവിനെ കണ്ടെടുത്ത സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആശുപത്രികളില്‍ നിന്നും ആശാ പ്രവര്‍ത്തകരില്‍ നിന്നും വിവരം സ്വീകരിച്ച് അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ചികിത്സ തേടിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രികള്‍ക്കു നോട്ടിസ് നല്‍കി. വാര്‍ഡുകളിലെ സ്ത്രീകളുടെയും ഗര്‍ഭിണികളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ആശാ പ്രവര്‍ത്തകരില്‍ നിന്നു വിവരശേഖരണം നടത്തുന്നുണ്ട്. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയില്‍ നിന്ന് കണ്ടെത്തിയ കുഞ്ഞ് പിന്നീട് മരിച്ചിരുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസ് എടുത്ത പോലീസ് പരിസരവാസികളുടെ മൊഴികള്‍ രേഖപ്പെടുത്തി തുടങ്ങി.
കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്ത് സിസി ടിവി ക്യാമറകള്‍ ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നവജാത ശിശുവിന്റെ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം പേഴുവിള വീട്ടില്‍ സുദര്‍ശനന്‍പിള്ളയുടെ വീടിനു സമീപം ചൊവ്വ രാവിലെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തന്നൂര്‍ എസിപി ഷിനു തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.