തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിനിടെ കണ്ടെടുത്തത് നാലു കുടിവെള്ള കുപ്പികൾ. വീട്ടിലെ തൊഴുത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ കിട്ടിയത്. രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുണ്ടായിരുന്നു. പരിശോധന നടത്തിയാൽ മാത്രമേ ഇത് എന്താണെന്നു വ്യക്തമാകൂ.
കീടനാശിനിയുടെ കുപ്പി വീടിനു സമീപത്തെ കുളത്തിൽനിന്നു കണ്ടെടുത്തിരുന്നു. കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരുന്ന കമ്പനിയുടെ പേര് അടങ്ങിയ ലേബൽ വീടിനു പിന്നിലെ പടിക്കെട്ടിൽനിന്നും കണ്ടെത്തി. തെളിവെടുപ്പിനുശേഷം വീട് പൊലീസ് സീൽ ചെയ്തു. ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട് പരിധിയിലായതിനാൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ നിർമൽ കുമാർ, കീടനാശിനി കുപ്പി കുളത്തിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂട്ടർ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു. കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കാപികോ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ വിൽപന നടത്തിയിരുന്നതായും കടയുടമ പൊലീസിനോടു പറഞ്ഞു.
വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിർമൽ കുമാർ അങ്ങോട്ടു പറഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു വയോധികനായ കടയുടമയുടെ മറുപടി. ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ഇവിടെനിന്നു കഷായപ്പൊടിയുടെ സാംപിൾ ശേഖരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് ഗ്രീഷ്മ. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.