30 C
Kottayam
Tuesday, May 14, 2024

സനു മോഹന്‍ ദുരൂഹതയുള്ള വ്യക്തിയെന്ന് പൊലീസ്, സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്

Must read

കൊച്ചി : വൈഗ കൊലക്കേസില്‍ പ്രതിയായ പിതാവ് സനു മോഹന്‍ സഞ്ചരിച്ച വഴിയേ തെളിവെടുക്കാന്‍ പൊലീസ് സംഘം. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച പത്ത് ദിവസം കൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ദുരൂഹതകളും നീക്കണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം ഇറങ്ങിത്തിരിക്കുന്നത്. കേരളത്തിലെ തെളിവെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സനു മോഹന്‍ യാത്ര ചെയ്ത അതേ വഴികളിലൂടെ തന്നെയാണ് പൊലീസ് സംഘവും.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു ഭാര്യ രമ്യക്കും മകള്‍ വൈഗയ്ക്കുമൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി തയാറാക്കിയതെങ്കിലും ഭാര്യ വിസമ്മതിച്ചതിനാല്‍ നടന്നില്ലെന്നു സനു മോഹന്റെ മൊഴി. മകളെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് പ്രതി ഇപ്രകാരം പറഞ്ഞത്.

ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാല്‍ മകളോടു വലിയ സ്നേഹമായിരുന്നു. മൂന്നു കോടിയിലധികം രൂപയുടെ കടബാധ്യതകളെത്തുടര്‍ന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണു കടുംകൈയ്ക്കു തീരുമാനിച്ചത്. താന്‍ മരിച്ചാല്‍ മകളെ നോക്കാന്‍ ആരുമില്ലാത്തതിനാലാണു കൊല നടത്തിയത്.

എന്നാല്‍ മകളെ കൊന്നശേഷം ആത്മഹത്യചെയ്യാന്‍ ധൈര്യം കിട്ടിയില്ല. അതിനാലാണു രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും സനു മോഹന്‍ പറയുന്നു. ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. മകളെ കൊന്നശേഷം മരിക്കാനായി കീടനാശിനി കഴിച്ചിരുന്നു. വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു.

ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി. കര്‍ണാടകയിലെ കാര്‍വാര്‍ ബീച്ചിലെത്തിയതു പാറയിടുക്കില്‍ ചാടി മരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും സനു പറഞ്ഞു.

സനുവിന്റെ വായ്ക്കുള്ളില്‍ പൊള്ളല്‍ ഉണ്ടെങ്കിലും ഇതു കീടനാശിനി കഴിച്ചുണ്ടായതാണോ എന്നു വ്യക്തമല്ല. കൂട്ട ആത്മഹത്യക്കൊരുങ്ങി എന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ ഭാര്യയെ ചോദ്യം ചെയ്താലെ വ്യക്തത വരൂവെന്നു പോലീസ് പറയുന്നു.

കുട്ടിയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഉള്‍പ്പെടെ ഭാര്യ വെളിപ്പെടുത്തുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ആദ്യം ഭാര്യയെ ചോദ്യംചെയ്യാനും പിന്നീട് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനുമാണു പോലീസ് നീക്കം.

ദുരൂഹതകളുള്ള മനുഷ്യനാണ് സനു മോഹന്‍ എന്നാണു പോലീസ് വിലയിരുത്തല്‍. സനുവിന്റെ മൊഴികള്‍ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ ആവില്ലെന്നും പോലീസ് പറയുന്നു. വൈഗയുടെ മരണശേഷവും സനു ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്നുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോയമ്പത്തൂരില്‍ കാര്‍ വിറ്റു കിട്ടിയ 50,000 രൂപ ദിവസങ്ങള്‍ക്കുള്ളില്‍ ചെലവാക്കി. ഇതും ചൂതാട്ടം നടത്തിയാകുമെന്നാണു പോലീസ് നിഗമനം. എന്നാല്‍ കുറച്ചു പണം ചെലവഴിച്ചെന്നും ബാക്കി പണം പോക്കറ്റടിച്ചുപോയെന്നുമാണു സനുവിന്റെ മൊഴി. മാര്‍ച്ച് 21 നു ഭാര്യ രമ്യയെ അമ്പലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിച്ചശേഷം മകളുമായി ഫ്‌ളാറ്റില്‍ മടങ്ങിയെത്തി അന്നു രാത്രിയായിരുന്നു കൊലപാതകം.

വൈഗയുടെ മുഖം സ്വന്തം ശരീരത്തോടു ചേര്‍ത്തമര്‍ത്തി ശ്വാസം മുട്ടിച്ചാണു കൊല നടത്തിയതെന്നു പ്രതി പറയുന്നു. ശരീരത്തിന്റെ ചലനം നിലച്ചപ്പോള്‍ മരിച്ചെന്നു കരുതി പുതപ്പില്‍ പൊതിഞ്ഞു കാറില്‍ കൊണ്ടുപോയി പുഴയില്‍ തള്ളുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week