പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു.
പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്.
കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരുസ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്.
ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്നകാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എ.സി.പി. വ്യക്തമാക്കി.