തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ മന്ത്രിയായിരുന്ന സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ച് പോലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
മന്ത്രി ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളെയോ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന് നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേര്‍ന്നത്. അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
നിരവധി സാക്ഷികളെയും വ്യക്തികളെയും കാണുകയും അവരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളില്‍നിന്ന് സജി ചെറിയാന് ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തുകയോ ഭരണഘടനാ ശില്പികളെ അപമാനിക്കുകയോ ചെയ്തിട്ടില്ല എന്നാണ് മനസിലാകുന്നത്. അതിനാല്‍ കേസ് അവസാനിപ്പിക്കമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഭരണഘടനയെ വിമര്‍ശിക്കുന്നതും ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നതും രണ്ടാണ് എന്നുള്ള വ്യാഖ്യാനമാണ് ഈ കേസില്‍ പോലീസ് നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ ജൂലായ് മൂന്നിനാണ് മല്ലപ്പളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ മന്ത്രിയായിരുന്ന സജി ചെറിയാന് സംസാരിച്ചുവെന്ന പരാതി ഉയരുന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.