FootballNewsSports

അര്‍ജന്‍റീന-ക്രൊയേഷ്യ മത്സരത്തില്‍ ചുവപ്പുകാർഡും, ആരും അറിയാതെ ഒരാളെ പുറത്താക്കി

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമിക്കിടെ അധികമാരും കാണാതെ ഒരു ചുവപ്പ് കാര്‍ഡ് ഉയര്‍ന്നു. ക്രൊയേഷ്യന്‍ സഹ പരിശീലകനും മുന്‍ സ്ട്രൈക്കറുമായ മരിയോ മാന്‍സുകിച്ചിനാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരം തുടങ്ങി മുപ്പത്തിനാലാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ പെനാല്‍റ്റി ഗോള്‍ കഴിഞ്ഞതിന് ശേഷം മാന്‍സുകിച്ചിനെ ക്രൊയേഷ്യന്‍ ഡഗൗട്ടില്‍ കാണാതിരുന്നതിന്‍റെ കാരണം ഇതോടെ ആരാധകര്‍ക്ക് മുന്നില്‍ വെളിച്ചത്തായി.

അര്‍ജന്‍റീന-ക്രൊയേഷ്യ മത്സരത്തില്‍ വിവാദം സൃഷ്‌ടിച്ചതായിരുന്നു 34-ാം മിനുറ്റുല്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി റഫറി വിധിച്ച പെനാല്‍റ്റി. സോളോ റണ്ണിന് ശ്രമിച്ച ജൂലിയന്‍ ആല്‍വാരസിനെ ബോക്‌സില്‍ വച്ച് ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് വീഴ്‌ത്തിയെന്ന് കണ്ടെത്തിയാണ് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയത്. ഫൗളിന് ലിവാകോവിച്ചിന് ആദ്യം മഞ്ഞക്കാര്‍ഡ് കിട്ടി. ഇതില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചതോടെ കൊവാസിച്ചിന് നേരെയും കാര്‍ഡുയര്‍ന്നു. എന്നിട്ടും സൈഡ് ലൈനിലായിരുന്ന സഹ പരിശീലകന്‍ മാന്‍സുകിച്ച് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം തുടര്‍ന്നതോടെ അവിടെയും റഫറി ഇടപെട്ടു. മാന്‍സുകിച്ചിന് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങേണ്ടിവന്നു. 

മത്സരത്തില്‍ ജൂലിയന്‍ ആല്‍വാരസിനെ ക്രൊയേഷന്‍ ഗോളി ലിവാകോവിച്ച് വീഴ്‌ത്തിയതിന് റഫറി അനുവദിച്ച പെനാല്‍റ്റി മെസി ഗോളാക്കിയതിലൂടെയാണ് മത്സരം അര്‍ജന്‍റീനയുടെ പക്ഷത്തേക്കെത്തിയത്. അതുവരെ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കം. ഇതിന് പിന്നാലെ ജൂലിയന്‍ ആല്‍വാരസ് 39, 69 മിനുറ്റുകളില്‍ വല ചലിപ്പിച്ചു. 39-ാം മിനുറ്റില്‍ സോളോ ഗോളായിരുന്നു ആല്‍വാരസ് നേടിയത്. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ ആല്‍വാരസിന്‍റെ രണ്ടാം ഗോള്‍. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ വിജയവുമായി അര്‍ജന്‍റീന ഫൈനലില്‍ കടന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button