കൊച്ചി: എറണാകുളം കിഴക്കമ്ബലത്തെ വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെ ട്വന്റി ട്വന്റി (tewnty 20) പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ നാല് സിപിഎം (CPM) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കമ്ബലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ,ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവര്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാത്രി കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി പ്രതികളെ മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. കിഴക്കമ്ബലം പാറപ്പുറം സ്വദേശി ദീപുവിനെയാണ് ഇവര്‍ ആക്രമിച്ചത്. ദീപു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിര്‍ബന്ധിച്ച് വിളക്കണയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായതെന്ന് സിപിഎം പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു കാലോടെയാണ് കാവുങ്ങപ്പറമ്ബ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ താമസക്കാരനായ ദീപുവിന് മര്‍ദനമേറ്റത്. അന്നേ ദിവസം രാത്രി ഏഴുമുതല്‍ പതിനഞ്ചുമിനിറ്റായിരുന്നു ട്വന്റി ട്വന്റി ഭരിക്കുന്ന നാലുപഞ്ചായത്തുകളിലും വിളക്കണയ്ക്കല്‍ സമരം നടന്നത്.
ആളുകളില്‍ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി ട്വന്റിയുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എം എല്‍ എ രംഗത്ത് വന്നതാണ് സമരത്തിന് കാരണം. ട്വന്റി ട്വന്റിയുടെ സജീവ പ്രവര്‍ത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു.
ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചേ രക്തം ഛര്‍ദിച്ചതോടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ആന്തരിക രക്തസ്രാവത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ദീപു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.