കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതാരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മരിക്കുന്നതിന്റെ അന്ന് രാവിലെ കുളിച്ച് അമ്പലത്തിൽ പോയ വ്യക്തിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രക്തം ഛർദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് മരണകാരണം എന്താണെന്ന് വ്യക്തമായതിനു ശേഷം അടക്കിയാൽ മതിയെന്ന നിലപാടിലേക്ക് കുടുംബമെത്തിയത്. കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചലചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ച അനിലിനെ ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണില്‍ നിന്ന്, എം മോഹനന്റെ കഥപറയുമ്പോള്‍ എന്ന സിനിമയിലെ വ്യത്യസ്തനാമൊരു ബാര്‍ബര്‍, ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കര്‍, പാസഞ്ചര്‍, മാണിക്യക്കല്ല് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ എഴുതി. വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍..