മൂവാറ്റുപുഴ: രണ്ട് വീടുകളില്‍ നിന്നായി സ്വര്‍ണാഭരണങ്ങളും സ്‌കൂട്ടറുമായി പോലീസിനെ പറ്റിച്ച് തിരുവോണ രാത്രിയില്‍ കള്ളന്‍ കടന്നു. മൂവാറ്റുപുഴ പായിപ്ര പതിനൊന്ന്, മൂന്ന് വാര്‍ഡുകളിലാണ് മോഷ്ടാവ് വിലസിയത്.
മദ്രസയിലെ നബിദിനാഘോഷം നടക്കുന്നതിനാല്‍ വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. ആദ്യം പതിനൊന്നാം വാര്‍ഡിലെ കാഞ്ഞിരക്കാട്ട് കുടിയില്‍ ജമാലിന്റെ വീട്ടില്‍ പിന്‍വശത്തെ വാതില്‍ വാക്കത്തി കൊണ്ട് തിക്കിത്തുറന്ന് കയറിയ മോഷ്ടാവ് മൂന്ന് മോതിരവും രണ്ട് വളയും 3000 രൂപയും കവര്‍ന്നു. ഇതിനു ശേഷം അരക്കിലോമീറ്റര്‍ മാറി മൂന്നാം വാര്‍ഡിലെ പറപ്പിള്ളില്‍ വീട്ടിലെത്തിയ മോഷ്ടാവ് വാതില്‍ പൊളിച്ച് അകത്തുകയറി. ശനിയാഴ്ച രാവിലെ 5.30 വരെ ഇവിടെ കഴിച്ചുകൂട്ടിയ ശേഷം വീട്ടിലെ സ്‌കൂട്ടറുമായി കടന്നു.
ഇതിനിടെ രാത്രി നാട്ടുകാര്‍ സംശയം പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് തൃശ്ശൂര്‍ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെടുത്തിരുന്നു. ഇത് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഈ ബൈക്കുമായി പോകുമ്പോള്‍ ഇതിന് സമീപത്തെ വീട്ടില്‍ കള്ളന്‍ ഉണ്ടായിരുന്നു. ഈ വീട്ടിലാണ് കള്ളന്‍ രാത്രി സുഖമായി കഴിഞ്ഞത്.
വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. താന്‍ വന്ന ബൈക്ക് പോലീസ് കൊണ്ടുപോയെങ്കിലും രാത്രി കഴിഞ്ഞുകൂടിയ വീട്ടിലെ സ്‌കൂട്ടറെടുത്ത് കള്ളന്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ നാട്ടുകാര്‍ വീണ്ടും അറിയിച്ചപ്പോഴാണ് ഈ വിവരം പോലീസ് അറിഞ്ഞത്.


