News

മലമുകളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് വയോധികനെ തോളിലേറ്റി എത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

മലമുകളിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് വയോധികനെ തോളിലേറ്റി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ജനഹൃദയങ്ങള്‍ കീഴടക്കി ഇന്റര്‍നെറ്റിലും സമൂഹ മാധ്യമങ്ങളിലും വൈറലാകുന്നു. വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെ വികസനം കൈകാര്യം ചെയ്യുന്ന കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

വയോധികനായ അബ്ദുള്‍ ഗാനി എന്ന മനുഷ്യനെ സ്വന്തം തോളില്‍ കയറ്റി കൊണ്ടുപോകുന്ന മോഹന്‍ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആ വീഡിയോയില്‍ നമുക്ക് കാണാന്‍ കഴിയുക. മലമുകളില്‍ സ്ഥിതി ചെയ്യുന്ന വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ ബുദ്ധിമുട്ടുകയായിരുന്നു ജമ്മു കശ്മീര്‍ സ്വദേശിയായ 72 വയസുകാരനായ അബ്ദുള്‍ ഗാനി.

ആ വയോധികന്റെ വിഷമത കണ്ട മോഹന്‍ സിങ് അദ്ദേഹത്തെ സ്വന്തം തോളിലേറ്റി വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ സന്നദ്ധനാവുകയായിരുന്നു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിലും പ്രതീക്ഷ നല്‍കുന്നതാണ് മോഹന്‍ സിങിന്റെ ഈ പ്രവൃത്തി. പോലീസ് സേനയുടെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ഈ മഹാമാരിക്കാലത്ത് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

അതിന്റെ മറ്റൊരു ഉദാഹരണമാണ് മനുഷ്യസ്‌നേഹത്താല്‍ പ്രചോദിതമായി ആ പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍വഹിക്കുന്ന ഈ സന്നദ്ധ പ്രവര്‍ത്തനവും. സമൂഹ മാധ്യമങ്ങളില്‍ നിരവധി ആളുകളാണ് മോഹന്‍ സിങിനും പോലീസ് സേനയ്ക്കും ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button