തല ചുമരില്‍ ഇടിപ്പിച്ചു, പുറം കടിച്ചുമുറിച്ചു; ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കൊണ്ടോട്ടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂർ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ.ഷൈലേഷാണു ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്‌തു. ആക്രമണത്തിനിടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റു. യുവതി ബോധരഹിതയായ വിവരം കുട്ടിയാണ് ഫോണ്‍ ചെയ്‌ത് യുവതിയുടെ വീട്ടിൽ അറിയിച്ചത്. അമ്മ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനുസരിച്ച് യുവതിയുടെ വീട്ടുകാർ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്.

2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം പിന്നിട്ടതോടെ മര്‍ദനം ആരംഭിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ  തേടി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News