വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു; പോലീസുകാരന്‍ പോലീസ് പിടിയില്‍!
ചിറ്റൂര്‍: വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍. പാലക്കാട് ഹേമാംബിക നഗര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരി (42), ചിറ്റൂര്‍ തറക്കളം സി. പ്രദീഷ് (33) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശി വിനു കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. മുഹമ്മദ് ബൂസരിയെ സസ്‌പെന്‍ഡ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ അണിക്കോട് കടമ്പിടിക്കു സമീപത്തായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടില്‍ ജയന്റെ ഭാര്യ സിന്ധു വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചു. പിടിയിലായവരും ഈ സമയത്ത് കാറില്‍ സ്ഥലത്തുണ്ടായിരുന്നു. സിന്ധു ഇളനീരിന്റെ പണം കൊടുക്കാന്‍ നോക്കിയപ്പോള്‍ സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന ബാഗ് കണ്ടില്ല.
ഈ സമയം ഇവര്‍ മാത്രമാണു സംഭവസ്ഥലത്തുണ്ടായിരുന്നതെന്നു സിന്ധു പറഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്. സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന അര പവന്റെ ലോക്കറ്റ് ചിറ്റൂരിലെ തന്നെ സ്വര്‍ണക്കടയില്‍ വിറ്റു പണം വാങ്ങിയതായി പോലീസ് കണ്ടെത്തി. എന്നാല്‍, ബാഗിലുണ്ടായിരുന്നെന്നു പരാതിയില്‍ പറയുന്ന 10,000 രൂപ കണ്ടെത്താനായിട്ടില്ല.