ഹ്രസ്വചിത്രത്തിന്റെ ഭാഗമായി ഗ്രീസിലെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകത്തില്‍ രതിരംഗങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ വിവാദം. എല്‍ജിബിടിക്യൂ അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു സംഘം ആക്ടിവിസ്റ്റുകളാണ് ഇവിടെ ചിത്രീകരണം നടത്തിയത്. നിറയെ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇവിടെ ചിത്രീകരണം നടത്തിയത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹ്രസ്വചിത്രം പുറത്ത് വന്നതോടെ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.
ഗ്രീക്ക് ദേശീയ സ്മാരകമായ അക്രപോലിസിലാണ് മാസങ്ങള്‍ക്കു മുമ്പ് ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ രണ്ട് സ്വവര്‍ഗ പ്രണയികള്‍ വീണ്ടും കണ്ടുമുട്ടുകയും രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്. ആക്രപോലിസിന്റെ മുന്നില്‍ രതിഭാവങ്ങളോടെ നൃത്തം ചെയ്യുന്നതും അന്ന് ചിത്രീകരിച്ചിരുന്നു.
ആക്രപോലിസ് കാണാനെത്തുന്ന ഒരു സംഘം ടൂറിസ്റ്റുകളുടെ കഥയാണിത്. ഇതില്‍പ്പെട്ട രണ്ടു പുരുഷ സ്വവര്‍ഗ പ്രണയികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടെത്തുന്നതാണ് രംഗം. വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഒരു സംഘം ആളുകള്‍ വട്ടത്തില്‍ നിരന്നു നിന്ന് മനുഷ്യമതില്‍ ഉണ്ടാക്കിയ ശേഷം അതിനുള്ളില്‍ വെച്ചാണ് സെക്‌സ് സീന്‍ ചിത്രീകരിച്ചത്. രാത്രിയില്‍ ഇവിടെ വെച്ച് നൃത്തരംഗവും ചിത്രീകരിച്ചു.
36 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി ചിത്രീകരിച്ച സിനിമയല്ലെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. അധികൃതരുടെ സമ്മതമോ അനുവാദമോ കൂടാതെയായിരുന്നു ഈ ചിത്രീകരണം. ഗ്രീക്ക് ദേശീയതയെയും ചരിത്രസ്മാരകങ്ങളെയും അപമാനിക്കുന്നതാണ് ചിത്രീകരണമെന്ന് സാംസ്‌കാരിക വകുപ്പ് വക്താവ് പറഞ്ഞു.
ചരിത്രസ്മാരകത്തെ അപമാനിച്ചവര്‍ക്കതിരെ നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീക്ക് പൗരനെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നതായി ഗ്രീക്ക് അഭിനേതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്റും പ്രസിദ്ധ താരവുമായ സ്‌പൈറോസ് ബിബിലാസ് പറഞ്ഞു.