ഇസ്ലാമാബാദ്: പാകിസ്താനി ഗാനം കേട്ടതിന് മുസ്ലീം കുട്ടികള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. മൊബൈലില്‍ പാട്ട് കേട്ടതിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ കേസ്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
പ്രദേശവാസിയായ ആശിഷ് നല്‍കിയ പരാതിയിലാണ് കൗമാരക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാക് ബാലതാരം ആയത് ആരിഫിന്റെ ”പാകിസ്താന്‍ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. 40 സെക്കന്‍ഡില്‍ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈന്‍ പറഞ്ഞു.
എന്നാല്‍ ഏപ്രില്‍ 13ന് 5 മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവന്‍ സ്റ്റേഷനില്‍ തടഞ്ഞുവെച്ചതായും കുടുംബം ആരോപിച്ചു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണല്‍ സൂപ്രണ്ട് (റൂറല്‍) പറഞ്ഞു.