ഇംഫാൽ: അക്രമികൾക്കിടയിൽ പൊലീസ് തങ്ങളെ ഉപേക്ഷിക്കുകയായിരുന്നെന്നു മണിപ്പുരിൽ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സ്ത്രീകളിൽ ഒരാൾ. ദേശീയ മാധ്യമത്തോടാണു വെളിപ്പെടുത്തൽ. തങ്ങളുടെ ഗ്രാമത്തെ ആക്രമിച്ച ആൾക്കൂട്ടത്തിനൊപ്പം പൊലീസ് ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. ‘‘ഗ്രാമത്തിൽനിന്നു ഞങ്ങളെ ദൂരേക്ക് കൊണ്ടുപോയ പൊലീസ് റോഡിലെ ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചു. പൊലീസാണ് ഞങ്ങളെ ആൾക്കൂട്ടത്തിന്റെ കയ്യിലേൽപ്പിച്ചത്’’ – യുവതി വിശദീകരിച്ചു.
സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. ‘‘നിരവധി പുരുഷന്മാർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുറച്ചുപേരെ മാത്രമാണു അതിൽ തിരിച്ചറിയാൻ സാധിച്ചത്. സഹോദരന്റെ സുഹൃത്തും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.’’– യുവതി പറഞ്ഞു.
വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വലിയ രോഷം ഉയരുകയും നടപടി എടുക്കാൻ പൊലീസ് നിർബന്ധിതരാകുകയും ചെയ്തു. സംഭവം നടന്നു രണ്ടുമാസത്തിനുശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരായി. മേയ് നാലിനാണു മണിപ്പുരിൽ അതിദാരുണമായ സംഭവം നടന്നത്.
20കളിലും 40കളിലും ഉള്ള നഗ്നരായ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുകയായിരുന്നു. മെയ്തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎൽഎഫ് ആരോപിച്ചു. ഇതിന്റെ ഞെട്ടിക്കുന്ന വിഡിയോ ഇന്നലെയാണു പുറത്തുവന്നത്.
സംഭവത്തിനു പിന്നാലെ മേയ് 18നു തന്നെ യുവതികൾ പരാതി നൽകിയിരുന്നു. പരാതിയിൽ ഇളയ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്. സംഭവത്തിൽ വലിയ ജനരോഷമുയർന്നതിനു പിന്നാലെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.